ദീക്ഷ

ക്രിയയോഗം- ക്രിയായോഗ ദീക്ഷ

ആത്മസാക്ഷാത്കാരം ലഭിച്ച ഒരു ക്രിയായോഗ ഗുരുവിൽ നിന്നോ സാധനയിൽ വളരെ മുന്നേറിയ ഒരു ആചാര്യനിൽ നിന്നോ, ഒരു ദീക്ഷയിലൂടെ അഭ്യസിക്കേണ്ട വിദ്യയാണ് ക്രിയായോഗം. ആത്മനിഷ്ഠനായ ഒരു ക്രിയായോഗ ഗുരുവിൽ നിന്ന്, ക്രിയായോഗത്തിലെ ആറ് ദീക്ഷകളും അതോടൊപ്പം അദ്ദേഹത്തിൽ നിന്ന് ക്രിയായോഗം പഠിപ്പിക്കാനായി അനുഗ്രഹവും അനുമതിയും നേടിയ ഒരാളെയാണ് ക്രിയായോഗത്തിൽ ആചാര്യൻ എന്ന് പറയുന്നത്.
ഏകദേശം പത്തോ പതിനഞ്ചോ വർഷങ്ങൾ ഒരു ഗുരുവിന്റെ ശിക്ഷണത്തിൽ ക്രിയായോഗം അഭ്യസിക്കുന്നതിലൂടെയാണ് പൊതുവെ ഒരാൾക്ക് ക്രിയായോഗത്തിലെ ആചാര്യനാവാൻ കഴിയുക. നാലാമത്തെ ക്രിയയിലൂടെ കൈവരുന്ന ശ്വാസനിയന്ത്രണത്തിലെ, പ്രാണനിയന്ത്രണത്തിലെ പ്രാഗത്ഭ്യവും അയാൾ എപ്പോഴും അനുഭവിക്കുന്ന സ്വഭാവികമായ ധ്യാനാവസ്ഥയുമാണ് ക്രിയായോഗ ആചാര്യനാവാൻ വേണ്ട പ്രധാനയോഗ്യത. ഒരാളുടെ ഉപബോധമനസ്സിലെ പ്രശ്ങ്ങളെ ഏറെക്കുറെ മുഴുവനായിത്തന്നെ ഇല്ലാതാക്കാൻ കഴിയുന്നതോടെയാണ് ഒരാൾക്ക് സ്വഭാവികമായ ധ്യാനാവസ്ഥ കൈവരിക.
ക്രിയായോഗ ദീക്ഷ ഒരു ശക്തിപാത് ദീക്ഷയാണ്. ദീക്ഷ നൽകുന്ന ഗുരു അതിശക്തമായ ഊർജ്ജപ്രസാരണത്തിലൂടെ ശിഷ്യന്റെ സൂക്ഷ്മശരീരത്തിലെ പ്രാണവാഹിനികളായ നാഡികളേയും, ഊർജ്ജകേന്ദ്രങ്ങളായ ചക്രങ്ങളേയും ഊർജ്ജസമ്പുഷ്ടമാക്കി ശുദ്ധീകരിക്കുന്നു. ഈ ശുദ്ധീകരണ പ്രക്രിയയിലൂടെ അയാളിലെ ദിവ്യത്വം അഥവാ കുണ്ഡലിനീശക്തി ഉണരുകയും അത് ഉയർന്ന അളവിൽ പ്രവർത്തനക്ഷമമാവുകയും ചെയ്യുന്നു.
അതോടെ ദീക്ഷ സ്വീകരിക്കുന്ന വ്യക്തിയുടെ സൂക്ഷ്മശരീരത്തിലെ പ്രാണോർജ്ജത്തിന്റെ അളവ് ക്രമാതീതമായി വർദ്ധിക്കുകയും അയാൾക്ക് അതീവ സൂക്ഷ്മവും ശക്തിയേറിയതുമായ സംവേദനക്ഷമത കൈവരികയും ചെയ്യുന്നു. ക്രിയായോഗം പോലെ ഉയർന്ന ശ്രേണിയിലുള്ള ഒരു സാധനാ സമ്പ്രദായം പോലും ലളിതമായി ജീവിതത്തിൽ പ്രാവർത്തികമാക്കാൻ സാധകന് കഴിയുന്നത് അങ്ങനെയാണ്.
ശക്തിപാത് ദീക്ഷയിലൂടെ ഒരാളുടെ സൂക്ഷ്മശരീരത്തിലെ പ്രാണോർജ്ജത്തിന്റെ അളവ് ക്രമാതീതമായി വർദ്ധിക്കുക മാത്രമല്ല അത് ഉയർന്ന സ്പന്ദനാവസ്ഥ കൈവരിക്കുകയും ചെയ്യുന്നു. ആഴത്തിലുള്ള ശാന്തിയും ദീർഘനേരം പ്രവർത്തിക്കാൻ ആവശ്യമായ ഊർജ്ജവും ഇതിലൂടെ അയാൾക്ക് കൈവരുന്നു. ക്രിയായോഗ പരിശീലനം പുരോഗമിക്കുന്നതോടെ കർമയോഗത്തിലൂന്നിയ ജീവിതം നയിക്കാനും സമർപ്പണമെന്ന മഹത്തായ ഗുണം സ്വായത്തമാക്കാനും ഒരു സാധകന് കഴിയുന്നു. ക്രമേണ എപ്പോഴും നിലനിൽക്കുന്ന ധ്യാനാവസ്ഥ സാധകന്റെ ജീവിതത്തിന്റെ ഭാഗമായി മാറുന്നു.
ക്രിയായോഗ സാധനയിലെ അവിഭാജ്യവും അനിവാര്യവുമായ ഘടകമാണ് ക്രിയായോഗ ദീക്ഷ. ഒരു സാധകന്റെ ജീവിതത്തിലെ അതിപ്രധാന ദിനമായും രണ്ടാം ജന്മമായും ക്രിയായോഗികൾ ഈ ദിവസത്തെ കാണുന്നു. ദീക്ഷയുടെ പിൻബലമില്ലെങ്കിൽ ക്രിയായോഗത്തിലെ സങ്കേതങ്ങൾ നിർജ്ജീവമായ കടലാസുപ്പൂക്കൾ മാത്രമാണ്.
ദീക്ഷയുടെ അഭാവത്തിൽ ആ സങ്കേതങ്ങൾക്ക് ഗാംഭീര്യവും സൗന്ദര്യവും നഷ്ടമാകുന്നു.
ക്രിയായോഗ സാധന ദീർഘകാലം ചെയ്തിട്ടും തൃപ്തികരമായ ആത്മീയ പുരോഗതി ഒരാൾക്കുണ്ടാവുന്നില്ലെങ്കിൽ അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അയാൾക്ക് ശരിയായ രീതിയിൽ ദീക്ഷ ലഭിക്കാത്തതാണ്.
പവിത്രമായ ഒരു ചടങ്ങിലൂടെയാണ് ഗുരു ക്രിയായോഗ ദീക്ഷ നൽകുന്നത്. സ്വന്തം ഗുരുവിന്റെയും പരമ്പരയിലെ മുഴുവൻ ഗുരുക്കന്മാരുടേയും അനുഗ്രഹത്തിനും, മാർഗ്ഗദർശനത്തിനും, സംരക്ഷണത്തിനും, ഒരാൾ പാത്രമാകുന്നത് ഈ പ്രക്രിയയിലൂടെയാണ്. ക്രിയായോഗം പരിശീലിക്കുന്ന ഒരു വ്യക്തിയുടെ ശാരീരികവും, മാനസികവും, വൈകാരികവും, ആത്മീയവുമായ എല്ലാ ആവശ്യങ്ങളും ബാബാജിയും പരമ്പരയിലെ ഗുരുക്കന്മാരും നിവർത്തിക്കുമെന്ന എക്കാലത്തേക്കുമുള്ള വാഗ്ദാനം സാധകന്റെ ജീവിതത്തിൽ ഇതോടെ പ്രാവർത്തികമാകാൻ തുടങ്ങുന്നു.
ക്രിയായോഗ ദീക്ഷയിലൂടെ ഒരാളുടെ സഞ്ചിതകർമ്മങ്ങൾ ഇല്ലാതാകുന്നു. എണ്ണമറ്റ ജന്മങ്ങളിലെ അയാളുടെ കർമ്മങ്ങളുടെ ഭണ്ഡാഗാരമാണ് സഞ്ചിതകർമ്മങ്ങൾ. പിന്നീടയാളിൽ പ്രാരാബ്ധ കർമ്മങ്ങളും ഈ ജന്മത്തിൽ നേടുന്ന പുതിയ കർമ്മങ്ങളും മാത്രമേ അവശേഷിക്കൂ. പതിവായ ക്രിയായോഗ പരിശീലനത്തിലൂടെ പ്രാരാബ്ധ കർമ്മങ്ങളുടെ കാഠിന്യവും കുറഞ്ഞു വരുന്നു. കർമ്മ യോഗ പരിശീലനത്തിലൂടെ പുതിയ കർമ്മങ്ങൾ സൃഷ്ടിക്കപ്പെടുന്നതും പതുക്കെ ഇല്ലാതാകുന്നു.
സഞ്ചിതകർമ്മങ്ങൾ ഇല്ലാതാക്കുന്ന പ്രക്രിയയിൽ ഇല്ലാതാകുന്ന കർമ്മങ്ങളുടെ ചെറിയൊരു അംശം അതില്ലാതാക്കുന്ന ഗുരുവിനും സ്വീകരിക്കേണ്ടിവരുന്നു. അനേകം ആളുകൾക്ക് ദീക്ഷ കൊടുക്കുന്നതിലൂടെ ക്രമേണ ഗുരുവിന്റെ ജീവനു തന്നെ ഭീഷണിയാകുന്നു ഏറ്റെടുക്കുന്ന ഈ കർമ്മങ്ങൾ. ഗുരുവും ശിഷ്യനും തമ്മിലുള്ള അഭേദ്യമായ ആത്മബന്ധത്തിന്റെ ആധാരശിലതന്നെ ഈ ദീക്ഷയും അതിന്റെ പരിണിതഫലങ്ങളുമാണ്.
ക്രിയായോഗ ദീക്ഷ എന്നത് ക്രിയായോഗത്തിലെ പാഠങ്ങൾ പഠിക്കുക എന്നതു മാത്രമല്ല, മറിച്ച് മഹാനായ ഒരു ഗുരുവിന്റെ ജ്ഞാനപ്രകാശത്തിന്റെയും ആത്മീയ അനുഭവത്തിന്റെയും നിസ്വാർത്ഥ സ്നേഹത്തിന്റെയും ഒരു കിരണം ശിഷ്യനിൽ പ്രവേശിക്കുക എന്നതു കൂടിയാണ്. ക്രിയായോഗ ദീക്ഷയുടെ സമയത്ത് ക്രിയായോഗ ഗുരുക്കന്മാരുടെ അനുഗ്രഹം ക്രിയാവാനിലേക്ക് പ്രവഹിക്കുന്നു. ശക്തിമത്തായ ഊർജ്ജരൂപത്തിലാണ് അത് ശിഷ്യനിലേക്ക് ഒഴുകുക. ക്രിയായോഗ സമ്പ്രദായത്തിലേക്ക് ഒരാളെ സ്വാഗതം ചെയുന്നതോടൊപ്പം മുക്തി ലഭിക്കുന്നതുവരെ ക്രിയായോഗ ഗുരുക്കന്മാരുടെ മാർഗ്ഗദർശനവും സംരക്ഷണവും ഈ ദീക്ഷ സാധകന് ഉറപ്പ് നല്കുന്നു.
ക്രിയായോഗ ദീക്ഷ ലഭിച്ച ഉടനെയോ കുറച്ചു ദിവസങ്ങൾക്കുള്ളിലോ ദിവ്യമായ നാദവും പ്രകാശവും സ്പന്ദവും അനുഭവിക്കാൻ സാധകന് കഴിയുന്നു.

ക്രിയാനന്ദ ധാം ക്രിയായോഗ ആശ്രമത്തിലെ ത്രിദിന സമഗ്ര ക്രിയായോഗ പഠനം

എല്ലാ ആഴ്ചയും വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിലാണ് ക്രിയാനന്ദധാമിൽ ക്രിയയോഗ ദീക്ഷയും പരിശീലനവും നൽകുന്നത്. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ അതായത് 4 മണിക്കൂർ സമയമെടുത്താണ് ഈ പരിശീലന കളരി നടത്തുന്നത്.
കാര്യക്രമം താഴെ പറയും പ്രകാരമാണ്:

ഒന്നാം ദിവസം

ക്രിയായോഗത്തെ പരിചയപ്പെടലും ദീക്ഷയും

രണ്ടാം ദിവസം

ആദ്യ ക്രിയയിലെ സങ്കേതങ്ങളുടെ (Techniques) പഠനവും പരിശീലനവും

മൂന്നാം ദിവസം

ഗുരുവിന്റെ മേൽനോട്ടത്തിലുള്ള ക്രിയായോഗ സാധനയുടെ സ്വയം പരിശീലനം.
അങ്ങേയറ്റം ശാസ്ത്രീയമായ ഒരു ത്രിദിന ക്രിയായോഗ പഠനപദ്ധതിയാണ് അന്വേഷികൾക്കായി ക്രിയാനന്ദ ധാം ക്രിയായോഗ ആശ്രമം ഒരുക്കിയിട്ടുള്ളത്. മനുഷ്യരാശിക്ക് ലഭിച്ചിട്ടുള്ള ഏറ്റവും മഹത്തരമായ ആദ്ധ്യാത്മിക സാധനാശാസ്ത്രമാണ് ക്രിയായോഗമെന്നുള്ള കാര്യത്തിൽ അധികമാളുകൾക്കും തർക്കമുണ്ടാകാനിടയില്ല.
കാരണം അപൂർവ്വം സാധനാശാസ്ത്രങ്ങൾക്കു മാത്രമേ ക്രിയായോഗത്തെപ്പോലെ ഫലപ്രാപ്തി, സാരള്യം, കൃത്യത, പരിപൂർണ്ണത എന്നിവ വാഗ്ദാനം ചെയ്യാനാകൂ.
ക്രിയായോഗം പരിശീലിക്കാനായി കാര്യമായ തയ്യാറെടുപ്പോ, ആത്മീയ വിഷയങ്ങളിലുള്ള മുൻപരിചയമോ, ഒന്നും തന്നെ ആവശ്യമില്ല. സാധാരണയായി ഒരു മണിക്കൂർ സമയമെടുത്താണ് ഗുരുക്കന്മാർ ക്രിയായോഗ ദീക്ഷയും പരിശീലനവും നൽകുന്നത്.
ആത്മീയ യാത്രക്ക് ആവശ്യമായ തയ്യാറെടുപ്പ് ഗൗരവത്തോടെ നടത്തിയിട്ടുള്ള വ്യക്തികൾക്കു മാത്രമേ ഈ രീതികൊണ്ട് പ്രയോജനം നേടാനാവൂ.
കാരണം ക്രിയായോഗമെന്ന അത്ഭുതകരമായ സാധനാ ശാസ്ത്രത്തെക്കുറിച്ച് കൃത്യമായ ബോധ്യമുള്ളവരായിരിക്കും അവർ. അതായത്, ക്രിയായോഗത്തിൽ ഗുരുവിന്റെ പ്രാധാന്യം, ദീക്ഷ ലഭിച്ചതിനു ശേഷം ഒരു സാധകനെന്ന നിലയ്ക്ക് അവർക്കുള്ള ഉത്തരവാദിത്തങ്ങൾ, അതായത് മുടങ്ങാതെയുള്ള ക്രിയായോഗ പരിശീലനം, കൃത്യമായ ഇടവേളകളിൽ ഗുരുവിനെ സന്ദർശിക്കൽ, കർമ്മയോഗത്തിലൂന്നിയ ജീവിതം നയിക്കൽ എന്നിവയെക്കുറിച്ചെല്ലാം അവർക്ക് വേണ്ടത്ര ഗ്രാഹ്യമുണ്ടായിരിക്കും. പക്ഷേ അധികം പേരും സാധാരണക്കാരായ ആളുകളാണ്. ഇത്തരം നിബന്ധനകൾ അറിയാനും പാലിക്കാനുമുള്ള ആത്മീയ പക്വതയില്ലാത്തവരാണ് അവരെല്ലാം.
ക്രിയായോഗം ഒരു സാധകനു നൽകുന്നത് അപരിമിതമായ സ്വാതന്ത്യമാണ്. അതു തന്നെയാണ് അതിന്റെ ശക്തിയും ദൗർബല്യവും. മഹത്തരമായ ഏതൊരു വിദ്യയുടേയും നേട്ടം ലഭിക്കണമെങ്കിൽ, അച്ചടക്കം, പ്രതിബദ്ധത, സമർപ്പണം എന്നീ യോഗ്യതകൾ അനിവാര്യമാണ്. അനിയന്ത്രിതമായ സ്വാതന്ത്യം കൈകാര്യം ചെയ്യുക എന്നത് ഒരു സാധാരണക്കാരന്റെ കഴിവിനപ്പുറത്തുള്ള കാര്യമാണ്.
ഒരു ഗുരുവിനെ കണ്ടെത്തുക, സ്വന്തം യോഗ്യത അദ്ദേഹത്തെ ബോധ്യപ്പെടുത്തുക, മുടക്കം കൂടാതെ പഠിച്ച വിദ്യ അഭ്യസിക്കുക, സംശയനിവാരണത്തിനും ഗുരുസേവക്കുമായി സമയം കണ്ടെത്തുക, ഇതെല്ലം സാധകന്റെ ഉത്തരവാദിത്തങ്ങളായി ക്രിയയോഗം കണക്കാക്കുന്നു. അസാധാരണമായ മാനസിക ശക്തിയുള്ളവർക്കേ ഈ ചുമതലകൾ കാര്യക്ഷമമായി നടപ്പാക്കാൻ സാധിക്കൂ.
സത്യത്തിൽ ഇതൊന്നും അത്രയേറെ ബുദ്ധിമുട്ടുള്ള കാര്യങ്ങളല്ല. ക്രിയായോഗമെന്ന അതീവ മഹത്തരമായ സാധനാശാസ്ത്രത്തിന്റെ ഘടനയും അതിൽ ഗുരുവിനുള്ള അമിതപ്രാധാന്യവും മനസ്സിലാക്കിക്കഴിഞ്ഞാൽ നിസ്സാരമായി ജീവിതത്തിൽ പകർത്താൻ കഴിയുന്നതേയുള്ളൂ ഈ ആവശ്യകതകൾ എല്ലാം തന്നെ. അതുകൊണ്ടാണ് എല്ലാവർക്കും പ്രയോജനപ്പെടുന്ന രീതിയിലുള്ള ഒരു പഠനരീതി ക്രിയാനന്ദ ധാം ക്രിയായോഗ ആശ്രമം ഒരുക്കിയിട്ടുള്ളത്.
മൂന്ന് ദിവസത്തെ ഈ പരിശീലനക്കളരിയിൽ ക്രിയായോഗത്തിന്റെ തത്വങ്ങളും സങ്കേതങ്ങളും ആഴത്തിൽ മനസ്സിലാക്കാൻ ഒരാൾക്കാവുന്നു. റെക്കോർഡ് ചെയ്ത നിർദ്ദേശങ്ങൾ അനുസരിച്ചാണ് വീട്ടിൽ പരിശീലിക്കേണ്ടത്. പരിശീലനത്തിൽ കൃത്യതയും സമയലാഭവും ഇതു മൂലം സാധ്യമാകുന്നു. കൂടാതെ ഗുരുവിനൊപ്പം പരിശീലിക്കുന്ന അനുഭവം സ്വന്തം വീട്ടിൽ പരിശീലിക്കുമ്പോഴും ചെറിയ തോതിലെങ്കിലും അനുഭവിക്കാൻ സാധകനാകുന്നു.
മൂന്ന് ദിവസത്തെ ക്രിയായോഗ പഠനത്തിനു ശേഷം, ദിവസേന ക്രിയയോഗം പരിശീലിക്കുക എന്ന നിഷ്ഠയാണ് സാധകൻ കൈവരിക്കേണ്ടത്. അത്ര എളുപ്പമുള്ള കാര്യമല്ലിത്. മനസ്സ് ഒരാളുടെ സുഹൃത്തും വഴികാട്ടിയുമായി മാറുന്നതുവരെ അത് നിരന്തരം പ്രശ്നങ്ങൾ സൃഷ്ട്ടിച്ച് ക്രിയായോഗ സാധനയെ തടസപ്പെടുത്താൻ ശ്രമിച്ചു കൊണ്ടേയിരിക്കും. രണ്ടു മുതൽ മൂന്ന് വർഷം വരെ ഒരാൾക്ക് ക്രിയയോഗം മുടങ്ങാതെ പരിശീലിക്കാൻ കഴിഞ്ഞാൽ അയാളുടെ മനസ്സ് അയാൾക്ക് ഒരു തരത്തിലും പ്രശ്നങ്ങൾ സൃഷ്ടിക്കാത്ത സുഹൃത്തും വഴിക്കാട്ടിയുമായി മാറും. ഗുരുവിന്റെ മാർഗ്ഗ നിർദ്ദേശങ്ങളും അനുഗ്രഹവുമാണ് മനസ്സ് സൃഷ്ട്ടിക്കുന്ന തടസങ്ങളെ അതിജീവിച്ച് ആത്മീയമായ പക്വത നേടാൻ സാധകനെ സഹായിക്കുന്നത്.
പ്രത്യക്ഷവും പരോക്ഷവുമായ ഗുരു സാന്നിദ്ധ്യമാണ് ശിഷ്യനിലെ ആത്മീയ ജ്യോതിയെ അണയാതെ കാത്തുസൂക്ഷിക്കുന്നത്. അധികം വൈകാതെ ആഴത്തിലുള്ള ശാന്തിയും സന്തോഷവും അനുഭവിക്കാൻ ശിഷ്യൻ പ്രാപ്തനാവുന്നു. ഗുരുവിന്റെ മാർഗ്ഗ ദർശനം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ഒരാൾക്ക് കഴിയുന്നതോടെ, അതായത് കർമ്മ യോഗത്തിലൂന്നിയ ജീവിതം നയിക്കാൻ ഒരാൾ പ്രാപ്തനാവുന്നതോടെ ബാഹ്യവും ആഭ്യന്തരവുമായ താളാത്മകത അയാൾക്ക് കൈവരുന്നു. ആഴത്തിലുള്ള ശാന്തിയും എപ്പോഴുമുള്ള സന്തോഷവും ഒരാളുടെ ജീവിതത്തിന്റെ ഭാഗമാവുന്നതിങ്ങനെയാണ്.
Scroll to Top