ഞങ്ങളെക്കുറിച്ച്

ക്രിയാനന്ദ ധാം ക്രിയായോഗ ആശ്രമം- ദർശനവും ദൗത്യവും

ഗുരുപരമ്പരയിലൂടെ കൈമാറി വരുന്ന ക്രിയായോഗമെന്ന അത്യന്തം മഹത്തരമായ ആദ്ധ്യാത്മിക സാധനാശാസ്ത്രത്തെ അതിന്റെ തനിമ നഷ്ടപ്പെടാതെ സാധാരണക്കാരിൽ എത്തിക്കുക എന്നതാണ് ക്രിയാനന്ദധാമിന്റെ ലക്ഷ്യം. 1861-ലാണ് മരണമില്ലാത്ത ഗുരു എന്നറിയപ്പെടുന്ന ബാബാജി, ശ്രീ ലാഹിരി മഹാശയന് ക്രിയായോഗം ഉപദേശിക്കുന്നത്. കാലം ഇത്രയേറെ കടന്നുപോയിട്ടും സാധാരണക്കാരന്റെ പരിധിക്കപ്പുറത്താണ് യഥാർത്ഥ ക്രിയായോഗമിന്നും.
സമൂഹവുമായി സജീവബന്ധം പുലർത്താത്ത ആളുകൾക്കുള്ളതാണ് ആശ്രമം എന്നാണ് നമ്മുടെ പൊതുവായ ധാരണ. മാത്രമല്ല പരോപകാരം ചെയ്യലാണ് ആശ്രമത്തിന്റെ പ്രാഥമിക കർത്തവ്യമെന്നും പലരും ഉറച്ചു വിശ്വസിക്കുന്നു. എന്നാൽ ഇവ രണ്ടും തികച്ചും തെറ്റായ ധാരണകളാണ്. ഒരാളെ ശാരീരികവും, മാനസികവും, വൈകാരികവും, ആത്മീയവുമായ ആരോഗ്യം നേടാൻ സഹായിക്കുകയും അതുവഴി സ്വന്തം ജീവിതത്തിലും, സമൂഹമദ്ധ്യത്തിലും സംഘർഷരഹിതമായി ജീവിക്കാൻ അയാളെ പ്രാപ്തമാക്കുകയും ചെയ്യുന്ന കേന്ദ്രങ്ങളാണ് ആശ്രമങ്ങൾ.
ചുരുക്കി പറഞ്ഞാൽ  ഒരാളുടെ  മനസ്സിൽ അടിഞ്ഞുകൂടിയിട്ടുള്ള യുക്തിരഹിതമായ വെറുപ്പ്, വിദ്വേഷം, ഭയം മുതലായ നിരവധി മാനസിക പ്രശ്നങ്ങളേയും ശാരീരിക അനാരോഗ്യത്തേയും ഇല്ലാതാക്കാൻ സഹായിക്കുന്ന കേന്ദ്രങ്ങളാണ് ആശ്രമങ്ങൾ. അനുഭവജ്ഞാനമുള്ള ഒരു ഗുരുവിന്റെ മാർഗ്ഗനിർദ്ദേശങ്ങളെ പിന്തുടർന്നും ക്രിയായോഗം പോലെ ശാസ്ത്രീയമായ സാധനാ സമ്പ്രദായങ്ങളിലെ സങ്കേതങ്ങളിൽ പരിശീലനം നൽകിയുമാണ് ആശ്രമങ്ങൾ ഈ ലക്ഷ്യം കൈവരിക്കുന്നത്. അത്തരത്തിലുള്ള ഒരു മാതൃകാസ്ഥാപനമാണ്  ക്രിയാനന്ദ ധാം ക്രിയായോഗ ആശ്രമം.
ആത്മീയ ജീവിതം എന്നു പറയുന്നത് എല്ലാറ്റിൽ നിന്നും വിട്ടു നിൽക്കുന്ന അവസ്ഥയല്ല. ഈ ലോകത്തിൽ തന്നെ ശാന്തിയോടും സമചിത്തതയോടും കൂടെ ജീവിക്കാൻ പ്രാപ്തമാക്കുന്ന ജീവിതരീതിയാണത്.
ക്രിയായോഗ സാധനയിലൂടെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന മനസ്സ് അതായത് ബോധമനസ്സും, ഉപബോധമനസ്സും പൂർണ്ണമായി ശുദ്ധമാവുന്നു. ക്രിയായോഗം പോലെ തികവുറ്റൊരു ആത്മീയസാധനാശാസ്ത്രം ദീർഘകാലം പരിശീലിക്കുമ്പോൾ ഏതൊരു പരിതസ്ഥിതിയിലും സന്തോഷവും ശാന്തിയും സംതൃപ്തിയും അനുഭവിക്കാൻ ഒരാൾക്കാവുന്നു.
അഷ്ടാവക്രഗീതയിൽ ഇങ്ങനെ പറയുന്നു:
പ്രബുദ്ധനായ ഒരാൾ ജനങ്ങളിൽ നിന്ന് അകലുന്നില്ല, കാടിനെത്തേടി പോകുന്നുമില്ല. ഏത് പരിതസ്ഥിതിയിലും ഏത് സ്ഥലത്തും അയാൾ സമചിത്തനായിരിക്കും.
ശ്രീ രാജർഷി രാഘബാനന്ദ, ശ്രീ സ്വരൂപാനന്ദ ബ്രഹ്മചാരി എന്നീ ബ്രഹ്മ നിഷ്ഠരായ ക്രിയായോഗ ഗുരുക്കന്മാർ പകർന്നു നൽകിയ ക്രിയായോഗമെന്ന മഹത്തരമായ സാധനാ ശാസ്ത്രത്തിന്റെ സഹായത്തോടെ അത്തരമൊരു ജീവിതരീതിയിലേക്ക് ഓരോരുത്തരെയും കൈപിടിച്ചുയർത്തുക എന്നതാണ് ക്രിയാനന്ദ ധാം ക്രിയായോഗ ആശ്രമത്തിന്റെ ദർശനവും ലക്ഷ്യവും ഉത്തരവാദിത്വവും.

ക്രിയായോഗം- ഒരു ഗൃഹസ്ഥന്റെ മുക്തിയിലേക്കുള്ള പാത

പുതിയ കാലഘട്ടത്തിലെ ഒരു ഗൃഹസ്ഥനുവേണ്ടി ഉണ്ടാക്കിയിട്ടുള്ള അഥവാ രൂപമാറ്റം വരുത്തിയിട്ടുള്ള ഒരു സാധനാ ശാസ്ത്രമാണ് ശ്രീ ലാഹരി മഹാശയന്റെ ക്രിയായോഗം. വളരെ ഉന്നത നിലവാരം പുലർത്തുന്ന സാധനാ ശാസ്ത്രമാണെങ്കിലും ഒരു സാധാരണക്കാരനുപോലും ജീവിതത്തിൽ നടപ്പിലാക്കാൻ കഴിയുന്ന, ജീവിതത്തിന്റെ ഭാഗമാക്കാൻ കഴിയുന്ന ജീവിതരീതി കൂടിയാണ് ക്രിയായോഗം.
13 വയസ്സിനു മുകളിൽ പ്രായമുള്ള ആർക്കും ഈ മുക്തിദായകമായ പരിശീലന പദ്ധതി അഭ്യസിക്കാവുന്നതാണ്. പഠിക്കാനും പരിശീലിക്കാനുമുള്ള തീവ്രമായ ആഗ്രഹത്തിനു പുറമെ, യാതൊരുവിധ തയ്യാറെടുപ്പുകളും, ക്രിയായോഗം പഠിക്കാനായി ആവശ്യമില്ല. ഒരു ഗൃഹസ്ഥനുവേണ്ടി ഉണ്ടാക്കിയിട്ടുള്ള സാധനാശാസ്ത്രമായതിനാൽ ക്രിയായോഗം അതിന്റെ പരിശീലകരോട് ലൈംഗിക ജീവിതത്തിൽ നിന്നും വിട്ടു നിൽക്കുവാൻ, ലൈംഗിക ജീവിതം സ്വയമേവ വേണ്ടെന്നുവെക്കാൻ ആവിശ്യപ്പെടുന്നില്ല.
മറ്റുള്ള പല സാധനാസമ്പ്രദായങ്ങളേയും പോലെ ക്രിയായോഗം ഉപവാസമോ, ശരീരത്തിന് പീഠനൽകുന്ന ഏതെങ്കിലും ജീവിത ശൈലിയോ സാധകനിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല. ബുദ്ധിമുട്ടുള്ള ആസനങ്ങളോ, ശ്വാസനിയന്ത്രണമോ, ഒന്നുംതന്നെ ക്രിയായോഗത്തിലില്ല.
കുടുംബത്തയോ, ധസമ്പാദനത്തയോ എന്നുവേണ്ട യാതൊന്നിനെയും ഉപേക്ഷിക്കാൻ ക്രിയായോഗം ആവശ്യപ്പെടുന്നില്ല. ക്രിയായോഗ പരിശീലകർക്ക് ആരോഗ്യം പ്രദാനം ചെയ്യുന്ന ഏതുതരം ഭക്ഷണശൈലിയും പിന്തുടരാവുന്നതാണ്. അത് സസ്യാഹാരമോ മാംസാഹാരമോ എന്തുമാവാം. നാഡീവ്യൂഹത്തെ ദോഷകരമായി ബാധിക്കുന്ന ഭക്ഷ്യവസ്തുക്കൾ കഴിക്കുന്നത് ഒഴിവാക്കണമെന്നു മാത്രം.
ലോകത്ത് ആർക്കും പരിശീലിക്കാവുന്ന തരത്തിലാണ് ക്രിയായോഗം ഉണ്ടാക്കിയിട്ടുള്ളത്. ക്രിയായോഗ പരിശീലകൻ ഒരുപക്ഷേ അനിയന്ത്രിതമായ വികാരങ്ങൾ ഉള്ള ആളായിരിക്കാം. മനസ്സിനെ എവിടെയെങ്കിലും കുറച്ചു നേരം പോലും ഉറപ്പിച്ചു നിർത്താൻ സാധിക്കാത്ത ഒരാളായിരിക്കാം അയാൾ. മാത്രമല്ല ഏതെങ്കിലുമൊരു ആസനത്തിൽ കുറച്ചു നേരം പോലും ഇരിക്കാൻ അയാൾക്ക് ബുദ്ധിമുട്ടായിരിക്കാം. ഇങ്ങനെ എന്തൊക്കെ കുറവുകളുണ്ടെങ്കിലും ചിട്ടയായ ക്രിയായോഗ പരിശീലനത്തിലൂടെ ക്രമേണ ഈ കുറവുകളെല്ലാം പരിഹരിച്ച് ഉയർന്ന ആത്മീയ അവസ്ഥകൾ കൈവരിക്കാൻ അയാൾക്കാവും.
മാനസിക സംഘർഷത്തിന് അഥവാ സ്ട്രെസ്ന് ഒരാൾക്ക് കണ്ടെത്താവുന്ന ഏറ്റവും നല്ല പ്രതിവിധിയാണ് ക്രിയായോഗം. ശരീരത്തിന്റേയും മനസ്സിന്റേയും പ്രവർത്തനങ്ങളെ ആഴത്തിൽ സ്വാധീനിക്കാൻ കഴിവുള്ളവയാണ് ക്രിയായോഗത്തിലെ സങ്കേതങ്ങൾ ഓരോന്നും. ക്രിയായോഗ പരിശീലനം മനസ്സിനും ശരീരത്തിനും ആഴത്തിലുള്ളതും അസാധാരണവുമായ വിശ്രമം നൽകിക്കൊണ്ടാണ് ബോധമനസ്സിലും ഉപബോധമസ്സിലും അടിഞ്ഞു കൂടിയിട്ടുള്ള പ്രശ്നങ്ങളെ അത് പൂർണമായും ഇല്ലാതാക്കുന്നത്. അങ്ങനെയാണ് ക്രിയായോഗ പരിശീലനത്തിലൂടെ ഒരാളുടെ ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും ദുരിതങ്ങളും പാടെ ഇല്ലാതായി അയാൾ എപ്പോഴും ശാന്തിയും സന്തോഷവും അനുഭവിക്കുന്ന ഒരാളായി തീരുന്നത്.
രോഗമില്ലാത്ത ശരീരം, സന്തുലിതമായ വികാരങ്ങൾ, കൃത്യമായി ചിന്തിക്കാൻ കഴിയുന്ന മനസ്സ്, എപ്പോഴും സൃഷ്ടിപരമായ കർമ്മങ്ങൾ അതായത് ബോധത്തോടെ, സന്തോഷത്തോടെ, സമർപ്പണത്തോടെ, കാര്യക്ഷമതയോടെ ചെയ്യേണ്ടതായ കർമ്മങ്ങൾ ചെയ്യുന്ന വ്യക്തിത്വം. ഇതാണ് ക്രിയയോഗം ഒരാൾക്ക് വാഗ്ദാനം ചെയുന്ന, ഒരാളുടെ ജീവിതത്തിന് സംഭാവന ചെയുന്ന അമൂല്യമായ നേട്ടങ്ങൾ .

GURU PARAMPARA

മഹാവതാർ ബാബാജി

1946-ൽ പ്രസിദ്ധീകൃതമായ ഒരു യോഗിയുടെ ആത്മകഥ (Autobiography of a Yogi) എന്ന പുസ്തകത്തിലൂടെയാണ് ലോകം ആദ്യമായി ബാബാജിയെക്കുറിച്ചറിയുന്നത്. പരമഹംസ യോഗാനന്ദയെന്ന മഹാനായ ഒരു ക്രിയായോഗിയാണ് ആ ഗ്രന്ഥത്തിന്റെ രചന നിർവ്വഹിച്ചിട്ടുള്ളത്.

യോഗീരാജ് ശ്രീ ശ്യാമചരൺ ലാഹിരി മഹാശയൻ

ശ്രീ ലാഹിരി മഹാശയൻ എന്ന പേരിൽ പ്രസിദ്ധനായ ശ്രീ ശ്യാമചരൺ ലാഹിരി, മഹാവതാർ ബാബാജിയുടെ ശിഷ്യനായിരുന്നു. യോഗീരാജ്, കാശീബാബ എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെട്ടിരുന്നു.

സ്വാമി ശ്രീ യുക്തേശ്വർ ഗിരി

1855 മെയ് 10-ാം തിയ്യതി ബംഗാളിലെ സേരാംപൂരിൽ സമ്പന്നനായ ഒരു വ്യാപാരി ക്ഷേത്രനാഥ് കരാറിന്റേയും പത്നി കാദംബിനിയുടേയും മകനായി പ്രിയനാഥ് കരാർ എന്ന സ്വാമി ശ്രീയുക്തേശ്വർ ഗിരി ജനിച്ചു. ചെറുപ്പത്തിൽത്തന്നെ അച്ഛനെ നഷ്ടപ്പെട്ടതോടെ കുടുംബഭാരം മുഴുവൻ പ്രിയനാഥിന്റെ തോളിലായി.

പരമഹംസ യോഗാനന്ദ ഗിരി

1893 ജനുവരി 5-ാം തിയ്യതി ഉത്തർപ്രദേശിൽ ഗോരഖ്പുർ ജില്ലയിൽ പരമഹംസ യോഗാനന്ദ ജനിച്ചു. വളരെ ചെറുപ്പത്തിലേ ആത്മസാക്ഷാത്കാരം സിദ്ധിച്ച ഒരു ഗുരുവിനെ കണ്ടെത്താനുള്ള അന്വേഷണം അദ്ദേഹം തുടങ്ങി.

സ്വാമി ശ്രീ സത്യാനന്ദഗിരി

സ്വാമി ശ്രീ സത്യാനന്ദഗിരി 1896 നവംബർ 17-ന് ഇന്നത്തെ ബംഗ്ലാദേശിലെ ബിക്രംപൂർ എന്ന സ്ഥലത്ത് ജനിച്ചു. ശ്രീ സത്യാനന്ദ ഗിരിയുടെ പിതാവ് കൽക്കത്ത ‘ബധിര-മൂക’ വിദ്യാലയത്തിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു.

ശ്രീ ഭൂപേന്ദ്രനാഥ് സന്യാൽ മഹാശയൻ

പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ സാധന പാറ എന്ന ഗ്രാമത്തിലാണ് 1877 ജനുവരി 20-ന് ശ്രീ ഭൂപേന്ദ്രനാഥ് സന്യാൽ മഹാശയൻ ജനിച്ചത്. സ്കൂൾ പഠനകാലത്തും കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിലും പല തരം രോഗങ്ങൾ അദ്ദേഹത്തെ നിരന്തരം വേട്ടയാടി.

പരമഹംസ ഹരിഹരാനന്ദ ഗിരി

ബാബ എന്ന പേരിൽ ശിഷ്യന്മാർക്കിടയിൽ അറിയപ്പെട്ടിരുന്ന പരമഹംസ ഹരിഹരാനന്ദ, ബാബാജി, ശ്രീ ലാഹിരി മഹാശയൻ, ശ്രീ യുക്തേശ്വർ, പരമഹംസ യോഗാനന്ദ എന്നിവരുടെ പരമ്പരയിലെ മഹാനായ ഒരു ക്രിയായോഗ ഗുരുവായിരുന്നു.

ഗുരുദേവ് രാജർഷി രാഘബാനന്ദ

ചെറിയ ലാഹിരി മഹാശയൻ എന്നറിയപ്പെടുന്ന രാജർഷി രാഘബാനന്ദ 1938 ആഗസ്റ്റ് 28-ൽ ഒഡീഷയിലെ ഭദ്രക് ജില്ലയിൽ ഫത്തേപൂർ എന്ന സ്ഥലത്ത് ജനിച്ചു. വിശ്വഭാരതി സർവ്വകലാശാലയിൽ നിന്നാണ് അദ്ദേഹം തന്റെ ബിരുദാനന്തര ബിരുദം നേടിയത്. തുടർന്ന് ഉത്കൽ സർവ്വകലാശാലയിൽ നിന്ന് ഡി.ലിറ്റ് നേടി.

ഗുരുദേവ് ശ്രീ സ്വരൂപാനന്ദ ബ്രഹ്മചാരി

ശ്രീ സ്വരൂപാനന്ദ ബ്രഹ്മചാരി (യോഗാചാര്യ തപൻകുമാർ ബാസു മഹാശയൻ), ശ്രീ ലാഹരി മഹാശയന്റെ ക്രിയായോഗ പരമ്പരയിലെ ഉന്നത ശീർഷനായ യോഗിയും ആത്മസാക്ഷാത്കാരം സിദ്ധിച്ച, ബ്രഹ്മനിഷ്ഠനായ ഒരു ഗുരുവുമാണ്.

ക്രിയയോഗം- ഒരു ഗുരുമുഖി വിദ്യ

എക്കാലവും ഒരു ഗുരുമുഖി വിദ്യയായാണ് ക്രിയായോഗം നിലനിന്നു പോന്നിട്ടുള്ളത്. ഗുരുമുഖത്തുനിന്ന് നേരിട്ട് അഭ്യസിക്കേണ്ട, ഗുരുവിന്റെ സമീപത്തിരുന്ന്, കാൽക്കലിരുന്ന് പഠിക്കേണ്ട ഒരു ആദ്ധ്യാത്മിക സാധനാശാസ്ത്രമാണ് ക്രിയായോഗം. ഗുരുവിന്റെ ഹൃദയത്തിൽ നിന്ന് ശിഷ്യനിലേക്ക് സ്വാഭാവികമായി പകർന്നു നൽകുന്ന ആദ്ധ്യാത്മിക പ്രകാശമാണ്, വിജ്ഞാനമാണ് ക്രിയായോഗം. അദ്ധ്യയന സമയത്ത് നിരവധി സങ്കേതങ്ങൾ ശിഷ്യൻ പഠിക്കുമെങ്കിലും ആ സങ്കേതങ്ങൾക്കു പുറകിൽ പ്രവർത്തിക്കുന്ന ഗുരുവിന്റെ അനുഗ്രഹമാണ്, കരുതലാണ് അവ കാര്യക്ഷമമായി പ്രവർത്തിക്കാൻ വേണ്ട ശക്തി പകരുന്നത്.

ക്രിയായോഗം അഭ്യസിക്കുന്നതിനായി സമൂഹമദ്ധ്യത്തിൽ പല വഴികളുണ്ട്. എന്നാൽ അവയിൽ പലതും ക്രിയായോഗം ഒരു ‘ഗുരുമുഖി’ വിദ്യയാണെന്ന കാര്യം കണക്കിലെടുക്കുന്നില്ല എന്ന് കാണാൻ കഴിയും. ഒരിക്കലും ഒഴിവാക്കാൻ കഴിയാത്ത അനിവാര്യമായ ഘടകമാണ് ക്രിയായോഗത്തിലെ ഗുരുതത്വം. ക്രിയായോഗത്തിലെ സങ്കേതങ്ങൾക്ക് അതിന്റെ പൂർണ്ണ ശക്തി കൈവരണമെങ്കിൽ ഗുരുവും ശിഷ്യനും തമ്മിൽ അഭേദ്യമായൊരു ബന്ധം ഉണ്ടാകേണ്ടത് അനിവാര്യമാണ്.

ക്രിയായോഗത്തിൽ നിന്ന് ‘ഗുരു’വിനെ നീക്കം ചെയ്താൽ അതോടെ അത് ക്രിയായോഗമേ അല്ലാതായി തീരുന്നു. അതുകൊണ്ടാണ് എന്റെ ഗുരു ശ്രീ സ്വരൂപാനന്ദ ബാബ ഇങ്ങനെ പറയുന്നത്:

 "ഗുരുവില്ലാതെ ക്രിയായോഗമില്ല. ക്രിയായോഗമെന്ന് പറഞ്ഞാൽ ഗുരു എന്നാണർത്ഥം. ഗുരുവാണ് ക്രിയായോഗം, ക്രിയായോഗമാണ് ഗുരു. ഇവ രണ്ടും സമാന അർത്ഥമുള്ള രണ്ട് പദങ്ങൾ മാത്രമാണ്."

Scroll to Top