ദർശൻ
ദർശൻ
എല്ലാ ശനി, ഞായർ ദിവസങ്ങളിൽ ക്രിയാനന്ദധാം ക്രിയായോഗ ആശ്രമത്തിൽ ദർശൻ എന്ന സത്സംഗ പരിപാടിയുണ്ട്. സാധാരണയായി 2-3 മണിക്കൂർ നീളുന്നതാണ് ഈ കാര്യപരിപാടി. ആശ്രമത്തിൽ അംഗത്വം എടുത്തിട്ടുള്ള (Membership) സാധകർക്കുമാത്രമുള്ള കാര്യക്രമമാണിത്. ഉയർന്നക്രിയകൾ പരിശീലിക്കാൻ വേണ്ട യോഗ്യത സാധകരിൽ ഉണ്ടാക്കുകയാണ് ഈ കർമ്മ പരിപാടിയുടെ ലക്ഷ്യം.
3-4 മണിക്കൂർ പത്മാസനത്തിൽ ഇരിക്കാനുള്ള കഴിവ് നേടുക, ദീർഘ നേരമുള്ള ഏകാഗ്രത പരിശീലനത്തിലൂടെ ധ്യാനാവസ്ഥയിൽ എത്തിച്ചേരുക എന്നിവയെല്ലാം ഈ പരിശീലന പദ്ധതിയിൽ ഉൾപ്പെടുന്നു. പൂർണ്ണമായ ശാരീരിക ആരോഗ്യം നൽകുന്ന പരിശീലനങ്ങളും ഇതിൽ ഉൾപ്പെടും. പ്രധാനമായും അഞ്ചാമത്തെ ക്രിയയെ അടിസ്ഥാനമാക്കിയുള്ളതാണ് ഏകാഗ്രത പരിശീലനം.
ഈ ഏകാഗ്രതാപരിശീലനത്തിലൂടെ 3-4 മണിക്കൂർ നേരം കുതസ്ഥയിൽ അഥവാ ആജ്ഞാചക്രത്തിൽ സ്ഥിതി ചെയ്യാൻ ഒരാൾക്ക് കഴിയും. ക്രമേണ 24 മണിക്കൂറും ആ അവസ്ഥ കൈവരിക്കാൻ സാധകൻ യോഗ്യനായിത്തീരും. അതോടെയാണ് അതീന്ദ്രിയമായ അനുഭവങ്ങൾ, സമാധി അവസ്ഥകൾ അയാൾക്ക് വന്നുചേരുക. തുടർന്ന് ഘട്ടം ഘട്ടമായി സമാധിയുടെ എല്ലാ പടവുകളും അയാൾ മറികടക്കും.
ക്രിയയോഗം = തപസ്സ്, സ്വാദ്ധ്യായം, ഈശ്വരപ്രണിധാനം
പതഞ്ജലി മഹർഷിയുടെ യോഗസൂത്രത്തിൽ ക്രിയായോഗത്തെ ഇങ്ങനെയാണ് നിർവചിക്കുന്നത്.
“തപസ്വാദ്ധ്യായേശ്വരപ്രണിധാനാനിക്രിയായോഗഹ”
തപഹ – തപസ്സ്
സ്വാദ്ധ്യായ – സ്വാദ്ധ്യായം
ഈശ്വരപ്രണിധാന – ഈശ്വരനിലുള്ള സമ്പൂർണ്ണ സമർപ്പണം
ക്രിയായോഗഹ – പ്രായോഗിക യോഗം.
സ്വാദ്ധ്യായ – സ്വാദ്ധ്യായം
ഈശ്വരപ്രണിധാന – ഈശ്വരനിലുള്ള സമ്പൂർണ്ണ സമർപ്പണം
ക്രിയായോഗഹ – പ്രായോഗിക യോഗം.
തപസ്സ്, സ്വാദ്ധ്യായം, ഈശ്വരപ്രണിധാനം എന്നിവ കൂടിച്ചേർന്ന സാധനാ സമ്പ്രദായമാണ് ക്രിയായോഗം. ക്രിയായോഗമെന്നു പറഞ്ഞാൽ പ്രായോഗിക യോഗമെന്നാണർത്ഥം. ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിയുന്ന സങ്കേതങ്ങളുള്ള ഒരു യോഗപരിശീലന പദ്ധതിയെയാണ് ക്രിയായോഗമെന്ന് വിളിക്കുന്നത്.


ക്രിയായോഗത്തിൽ, അത് ശ്രീ ലാഹിരി മഹാശയന്റെ ക്രിയായോഗമാവട്ടെ, മറ്റേതൊരു തികവുറ്റ ആത്മീയ സാധനാശാസ്ത്രമാവട്ടെ, അതിൽ തപസ്സ് – സ്വയം ശുദ്ധീകരണം, സ്വാദ്ധ്യായം- സ്വയം നിരീക്ഷണം, ഈശ്വരപ്രണിധാനം- സ്വയം ബോധം വളരൽ എന്നീ മൂന്നു ഘടകങ്ങൾ അനിവാര്യമായും ഉണ്ടായിരിക്കണം. ഇവ മൂന്നും ഒത്തു ചേർന്ന സാധനാശാസ്ത്രത്തെയാണ് ക്രിയായോഗമെന്ന് വിളിക്കുന്നത്. ശ്രീ ലാഹിരി മഹാശയന്റെ ക്രിയായോഗവും അത്തരത്തിലുള്ള ഒരു സാധനാശാസ്ത്രമാണ്.
തപസ്സെന്ന വാക്കിന് ഭാഷാപരമായി അർത്ഥം പറയുകയാണെങ്കിൽ കത്തിക്കുക, താപത്തെ, ചൂടിനെ ഉണ്ടാക്കുക, ഊർജ്ജത്തെ സൃഷ്ടിക്കുക എന്നൊക്കെയാണ് അർത്ഥം വരുന്നത്. എന്നാൽ സാധാരണയായി തപസ്സിന് വിരക്തി, താപസവൃത്തി, കഠിനവ്രതം എന്നൊക്കെയാണ് അർത്ഥം കൽപ്പിക്കാറ്. സത്യത്തിൽ പ്രകാശത്തെ, ജ്ഞാനോദയത്തെ സൃഷ്ടിക്കുന്ന പ്രക്രിയയാണത്.
ആ അറിവ് ഒരു വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കുന്നതോടെ സ്വന്തം വ്യക്തിത്വത്തിലെ കുറവുകളും, അശുദ്ധികളും എന്താണെന്നുള്ള വെളിപാട് അയാൾക്കുണ്ടാകുന്നു. ബുദ്ധിപരമായി കാര്യങ്ങൾ ഗ്രഹിക്കുന്നതിൽ നിന്ന് അങ്ങേയറ്റം വിഭിന്നമാണ് ഈ അറിവ്. ഭഗവദ്ഗീതയിൽ പറയുന്നു, ഇത്തരത്തിലുള്ള ജ്ഞാനം ഒരാളുടെ സർവ്വകർമ്മഭാണ്ഡത്തേയും കത്തിച്ച് ചാമ്പലാക്കുന്നു.
സാധനയുടെ അന്ത്യഘട്ടത്തിലുണ്ടാകുന്ന ഈ ആദ്ധ്യാത്മിക പ്രകാശത്തിൽ ചിത്തം സംസ്കാരങ്ങളിൽ നിന്ന് അഥവാ കർമ്മബന്ധങ്ങളിൽ നിന്ന്, തമോ-രജോ-സത്വ ഗുണങ്ങളിൽ നിന്ന് പൂർണ്ണമായും മുക്തമാകുന്നു. പുതിയൊരു കർമ്മം പിന്നീടുണ്ടാകുന്നില്ല.
ഈ സ്വയം ശുദ്ധീകരണ പ്രക്രിയയാണ് തപസ്സ്. സാധനയുടെ തുടക്കം മുതൽക്കേ അവിദ്യ പതുക്കെ പതുക്കെ നീങ്ങിത്തുടങ്ങുന്നു. എത്ര അശുദ്ധമായ, മലിനമായ, സംഘർഷഭരിതമായ മനസ്സിനേയും സമർപ്പണത്തോടെയുള്ള സാധനയിലൂടെ ശുദ്ധമാക്കുന്ന പ്രക്രിയയാണ് തപസ്സ്.
ഓരോ മനുഷ്യന്റേയും മാനസിക പ്രശ്നങ്ങൾക്ക് അങ്ങേയറ്റത്തെ ആഴത്തിൽ ഓടുന്ന വേരുകളുണ്ട്. അവയെ വളരെ ഉയർന്ന തലത്തിലുള്ള സങ്കേതങ്ങളുടെ പരിശീലനം കൊണ്ടും കർമ്മയോഗത്തിലൂന്നിയ ജീവിതരീതികൊണ്ടും വേണം അറുത്തുമാറ്റാൻ. അങ്ങനെയാണ് പല തട്ടുകളിലായി പ്രവർത്തിക്കുന്ന മനസ്സ് ശുദ്ധമാകുന്നത്. ഈ ശുദ്ധീകരണ പ്രക്രിയയാണ് തപസ്സ്.
സ്വാദ്ധ്യായം
സ്വാദ്ധ്യായത്തെക്കുറിച്ചും ഒരു ചെറിയ വിശദീകരണം ആവശ്യമാണ്. സ്വയം പഠനം, സ്വയം വിശകലനം എന്നാണ് ആ വാക്കിനർത്ഥം. സാധാരണയായി ഭഗവദ് ഗീത, യോഗസൂത്രങ്ങൾ, ഉപനിഷത്തുക്കൾ തുടങ്ങിയ ആദ്ധ്യാത്മിക ശാസ്ത്രഗ്രന്ഥങ്ങളുടെ പഠനത്തെയാണ് സ്വാദ്ധ്യായം കൊണ്ടുദ്ദേശിക്കുന്നത്.
എന്നാൽ ഈ അവസരത്തിൽ, ഈ പ്രത്യേക സാഹചര്യത്തിൽ പതഞ്ജലി മറ്റൊരർത്ഥമാണ് സ്വീകരിച്ചിരിക്കുന്നത്. നമ്മുടെ വ്യക്തിത്വത്തെ വിവിധ കോണുകളിൽ നിന്ന് നോക്കിക്കാണുക എന്നതാണ് ഇവിടെ ആ വാക്കിനർത്ഥം. നമ്മുടെ മൂക്കിനെയോ, പല്ലിനെയോ തുടങ്ങി ബാഹ്യമായ എന്തിനെക്കുറിച്ചുള്ള പഠനമാണ് അദ്ധ്യായം, അതായത് വിപുലമായ പഠനം.
മറിച്ച് സ്വന്തം വ്യക്തിത്വത്തെക്കുറിച്ചുള്ള, ആത്മാവിനെക്കുറിച്ചുള്ള അന്വേഷണമാണ്, വിപുലമായ പഠനമാണ് സ്വാദ്ധ്യായം. ശാരീരികവും, മാനസികവും, വൈകാരികവും, ആത്മീയവുമായ തലങ്ങൾ ഉൾപ്പെടുന്ന അന്വേഷണമാണത്. നമ്മുടെ സ്വന്തം ബോധത്തെ, ആത്മാവിനെ കാണുന്ന, അനുഭവിക്കുന്ന പ്രക്രിയയാണത്.
ഈശ്വരപ്രണിധാനം
സാധാരണയായി ഈശ്വരനിലുള്ള സമ്പൂർണ്ണമായ സമർപ്പണത്തെയാണ് ഈശ്വരപ്രണിധാനം എന്നതുകൊണ്ടർത്ഥമാക്കുന്നത്. എന്നാൽ ഇവിടെ ആന്തരിക ബോധത്തിൽ മനസ്സിനെ പൂർണ്ണമായും നിലനിർത്തുക എന്നാണതിനർത്ഥം.
ഗുരുവിന്റെ ബോധനം, നിർദ്ദേശങ്ങൾ എന്നിവ പൂർണ്ണമായി ഉൾക്കൊണ്ട് മനസ്സിനെ ആന്തരിക ബോധവുമായി ഒന്നാക്കുന്ന പ്രക്രിയയാണത്. ഈ ആന്തരിക ബോധമാണ്, ഈശ്വരൻ. ആത്മീയ സാധനയുടെ പ്രാരംഭഘട്ടത്തിൽ മാത്രമാണ് നാം ഈശ്വരനെ ബാഹ്യമായ ഒന്നായി കാണുന്നത്. കൃത്യമായ സാധനയിലൂടെ സ്വന്തം ആന്തരികബോധവുമായി ഒന്നായിത്തീരുന്ന പ്രക്രിയയാണ് ഈശ്വരപ്രണിധാനം.
സത് സംഗ് = ദർശൻ
സത് സംഗ് എന്ന സംസ്കൃത പദത്തിനർത്ഥം “സത്യത്തിനൊപ്പം ഉണ്ടാവുക”, “സത്യത്തിനു വേണ്ടി ഒന്നിച്ചു ചേരുക” എന്നൊക്കെയാണ്. “ശരിയായുള്ളത്”, “നിലനിൽക്കുന്നത്”, “അസ്തിത്വം ഉള്ളത്”, എന്നൊക്കെയാണ് സത്യത്തിനർത്ഥം. ആത്മീയ പുരോഗതി എന്ന ലക്ഷ്യത്തിനു വേണ്ടിയുള്ള മാർഗ്ഗ നിർദ്ദേശത്തിനായി ഒരു ഗുരുവിനു ചുറ്റും കൂടുന്നതിനെയാണ് സത്സംഗം എന്ന് പറയുന്നത്.
‘സത്’, ‘സംഗം’ എന്നീ രണ്ടു വാക്കുകൾ ചേർന്നാണ് സത്സംഗം എന്ന വാക്ക് ഉണ്ടായിട്ടുള്ളത്. ‘സത്’ എന്നാൽ സത്യം എന്നാണർത്ഥം. ‘സംഗം’ എന്നാൽ കൂട്ടം, സംഘം, കൂട്ടായ്മ എന്നൊക്കെയാണ് അർത്ഥം. ഗുണവന്മാരായ ആളുകളുടെ കൂട്ടത്തിൽ ചേരുക, സത്യത്തിന്റെ കൂട്ടത്തിൽ ചേരുക, എന്നൊക്കെയുള്ള അർത്ഥവും ഇതിന് കലിപ്പിക്കുന്നതാണ്. ആത്മീയ വിഷയങ്ങളിൽ താല്പര്യമുള്ള വ്യക്തികളോടൊപ്പം ചേരുക, അവരുമായി അത്തരം മൂല്യങ്ങൾ പങ്കുവയ്ക്കുക എന്നതാണ് ഈ വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. ആത്മീയ വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായുള്ള ഒത്തു ചേരലും സത്സംഗം തന്നെയാണ്.
സത്വ ഗുണത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു പ്രവർത്തിയാണ് സത്സംഗം. ശാന്തത, വിവേകം, ബോധപൂർവ്വമായ പ്രവർത്തികൾ എന്നിവയാണ് സത്വഗുണത്തിന്റെ സ്വഭാവ സവിശേഷതകൾ. സത്വഗുണ സമ്പന്നമായ ഒരു വ്യക്തി തീർച്ചയായും ഒരു സത്‌സംഗി തന്നെയായിരിക്കും. അതായത് ആത്മാന്വേഷി ആയിരിക്കും അയാൾ.
ഒരു സദ് ഗുരുവിനും ചുറ്റും, ആത്മജ്ഞാനിയായ ഒരു ഗുരുവിന് ചുറ്റും കൂടിച്ചേരുന്നതിനെയാണ്, സമ്മേളിക്കുന്നതിനെയാണ് യഥാർത്ഥത്തിൽ സത്സംഗം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കാലം മാറിയതോടെ സത്സംഗത്തിന്റെ അർത്ഥത്തിനും മാറ്റം വന്നു. ആത്മീയ കാര്യങ്ങളുടെ ചർച്ചയ്ക്ക് വേണ്ടി, മാർഗ്ഗനിർദ്ദേശത്തിന് വേണ്ടി ധ്യാനിക്കാനായി ഒത്തു ചേരുന്നതും ഇക്കാലത്ത് സത്സംഗമായി കണക്കാക്കപ്പെടുന്നു.
സത്സംഗത്തിൽ പങ്കെടുക്കുന്ന വ്യക്തികൾക്ക് കൃത്യമായൊരു ലക്ഷ്യം ഉണ്ടായിരിക്കണം. ആത്മീയമായ ഉയർച്ചക്ക് കാരണമാകുന്ന എന്തിനേയും ആ ലക്ഷ്യത്തിൽ ഉൾപ്പെടുത്താം. എല്ലാറ്റിനേയും സമന്വയിപ്പിക്കുന്ന തത്വങ്ങൾ ഉൾക്കൊള്ളുന്നതാവണം സത്സംഗത്തിന്റെ ഘടന.
ഒരാളുടെ അഹം ബോധത്തെ കുറച്ചു കൊണ്ടുവരാൻ സഹായിക്കുന്ന നല്ലൊരു മാർഗമാണ് സത്സംഗം. സത്സംഗത്തിൽ ഉയർന്നുവരുന്ന കരുണാർദ്രമായ ചിന്തകൾ, പ്രവർത്തികൾ എല്ലാവരിലും ആത്മീയമായ ഉണർവ് സൃഷ്ടിക്കാൻ പര്യാപ്തമാണ്. പതുക്കെ പതുക്കെ ആ ഉണർവ് എല്ലാവരും ഒന്നുതന്നെയാണെന്ന ഏകത്വ ബോധത്തിലേക്ക് ഒരാളെ നയിക്കും.
ആത്മീയമായ ഉന്നതി നേടിയ ഒരാളുടെ സാന്നിധ്യത്തിൽ, ആ വ്യക്തിത്വവുമായി താളാത്മകത നേടാൻ കഴിഞ്ഞ വ്യക്തികൾക്ക് അത്ഭുതകരമായ ആത്മീയ ഔന്നിത്യം വന്നുചേരുന്നു. സമാധി സിദ്ധിക്ക് ഏറ്റവും വേണ്ട കാര്യങ്ങളിലൊന്നാണ് ഗുരുവിന്റെ സാമീപ്യം അനുഭവിക്കൽ.
ബാഹ്യലോകത്തോടുള്ള മമത, ആത്മീയ പാതയിലെ മാനസികമായ തടസ്സങ്ങൾ, തെറ്റായ വിശ്വാസങ്ങൾ തുടങ്ങി എല്ലാറ്റിനേയും നീക്കി ഒരാളുടെ മനസ്സിനെ ശുദ്ധവും, സ്വാഭാവികവുമാക്കിത്തീർക്കാൻ സഹായിക്കുന്ന അത്ഭുതകരമായ കർമ്മ പരിപാടിയാണ് സത്സംഗം. എപ്പോഴും ബോധപൂർവ്വമായി ജീവിക്കാൻ ഒരാളെ പ്രാപ്ത്തരാക്കുന്നു സത്സംഗ്.
