പരമഹംസ യോഗാനന്ദ ഗിരി

1893 ജനുവരി 5-ാം തിയ്യതി ഉത്തർപ്രദേശിൽ ഗോരഖ്പുർ ജില്ലയിൽ പരമഹംസ യോഗാനന്ദ ജനിച്ചു. വളരെ ചെറുപ്പത്തിലേ ആത്മസാക്ഷാത്കാരം സിദ്ധിച്ച ഒരു ഗുരുവിനെ കണ്ടെത്താനുള്ള അന്വേഷണം അദ്ദേഹം തുടങ്ങി. 17-ാം വയസ്സിൽ ശ്രീ യുക്തേശ്വറിനെ കണ്ടെത്തിയതോടെയാണ് ആ അന്വേഷണം അവസാനിച്ചത്. ബാബാജിയാണ് ശ്രീ യോഗാനന്ദയെ തന്റെ അടുത്തേക്ക് അയച്ചതെന്ന് പിന്നീട് ശ്രീ യുക്തേശ്വർ വെളിപ്പെടുത്തുകയുണ്ടായി.
1915-ൽ ശ്രീ യോഗാനന്ദ ബി.എ. പരീക്ഷ പാസ്സായി. കോളേജ് പഠനക്കാലത്ത് അധികസമയവും തന്റെ ഗുരുവിനൊപ്പം ചിലവഴിച്ച അദ്ദേഹം 1915-ൽ സന്യാസം സ്വീകരിച്ച് ‘യോഗാനന്ദ ഗിരി ‘എന്ന പേര് സ്വീകരിച്ചു. 1917-ൽ ദിഹിക എന്ന സ്ഥലത്ത് ആൺകുട്ടികൾക്കായി ഒരു സ്കൂൾ സ്ഥാപിച്ചു. നവീന വിദ്യാഭ്യാസ രീതികളും പുരാതനമായ ആത്മീയ സിദ്ധാന്തങ്ങളും കൂടിക്കലർന്നതായിരുന്നു അവിടത്തെ വിദ്യാഭ്യാസ രീതി. ഒരു വർഷത്തിനു ശേഷം അത് റാഞ്ചിയിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ഈ സ്കൂളാണ് പിന്നീട് യോഗോദ സത്സംഗ സൊസൈറ്റി എന്ന പേരിൽ പ്രസിദ്ധമായത്.
ഒരു വിദേശ രാജ്യത്ത് ജീവിതത്തിന്റെ ഭൂരിഭാഗവും (1920-1952) ചിലവഴിച്ച ആദ്യ ഹിന്ദു സന്യാസിയായിരുന്നു യോഗാനന്ദ. 1946-ലാണ് ലോകപ്രശസ്തമായ അദ്ദേഹത്തിന്റെ ആത്മകഥ ‘ഒരു യോഗിയുടെ ആത്മകഥ’ പ്രകാശിതമാകുന്നത്. 45-ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള ഈ പുസ്തകം ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട 100 ആത്മീയ പുസ്തകങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ലക്ഷക്കണക്കിനാളുകളുടെ ജീവിതം മാറ്റിമറിച്ച ഒരു വിശിഷ്ട കൃതിയാണത്.
1952 മാർച്ച് 7-ന് അമേരിക്കയിലെ ഭാരതത്തിന്റെ സ്ഥാനപതിക്ക് നൽകിയ ഒരു വിരുന്നാണ് അദ്ദേഹം അവസാനമായി പങ്കെടുത്ത ചടങ്ങ്. അദ്ദേഹത്തിന്റെ അവസാനത്തെ പ്രസംഗത്തിന് ദൃക്സാക്ഷിയായിരുന്ന ദയാമാത, ആ സംഭവം ഇങ്ങനെ വിവരിക്കുന്നു: “പ്രസംഗം തീർന്നതോടെ ശ്രീ യോഗാനന്ദ തന്റെ സ്വന്തം കവിതയായ ‘എന്റെ ഭാരതം’ വായിച്ചു. അവസാനമായി ഉരുവിട്ട വാക്കുകൾ ഇവയായിരുന്നു. എവിടെയാണോ ഗംഗയും, ഹിമാലയ ഗുഹകളും മരങ്ങളും പിന്നെ മനുഷ്യനും ഈശ്വരനെക്കുറിച്ച് സ്വപ്നം കാണുന്നത്, അവിടെ ഞാൻ കളങ്കരഹിതനായി – എന്റെ ശരീരം ആ മണ്ണിനേയും ചുവപ്പിനേയും സ്പർശിക്കുന്നു. ഈ വാക്കുകളോടെ അദ്ദേഹം തന്റെ കണ്ണുകൾ ഉയർത്തി ആജ്ഞാചക്രത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. പതുക്കെ ശരീരം കുഴഞ്ഞ് താഴെ വീണു”.
ഈ വിധമാണ് മഹാനായ ആ ഗുരു മഹാസമാധി പ്രാപിച്ചത്. 20 ദിവസത്തിനു ശേഷവും ആ ശരീരത്തിൽ ജീർണ്ണത ബാധിച്ചിരുന്നില്ല.
Scroll to Top