ശ്രീ ഭൂപേന്ദ്രനാഥ് സന്യാൽ മഹാശയൻ
പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ സാധന പാറ എന്ന ഗ്രാമത്തിലാണ് 1877 ജനുവരി 20-ന് ശ്രീ ഭൂപേന്ദ്രനാഥ് സന്യാൽ മഹാശയൻ ജനിച്ചത്. സ്കൂൾ പഠനകാലത്തും കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിലും പല തരം രോഗങ്ങൾ അദ്ദേഹത്തെ നിരന്തരം വേട്ടയാടി.
അസുഖങ്ങളിൽ നിന്ന് മുക്തി നേടാനായി അദ്ദേഹത്തിന്റെ സഹോദരി ശ്രീ ലാഹരി മഹാശയന്റെ അനുഗ്രഹം തേടി. ശ്രീ സന്യാൽ മഹാശയൻ ദീർഘകാലം ജീവിക്കുമെന്നും എന്നാൽ വേഗത്തിൽ ചെയ്തു തീർക്കേണ്ട നിരവധി ജോലികൾ അദ്ദേഹത്തിനുണ്ടെന്നും ശ്രീ ലാഹിരി ബാബ അവരെ അറിയിച്ചു.
അസുഖങ്ങളിൽ നിന്ന് മുക്തി നേടാനായി അദ്ദേഹത്തിന്റെ സഹോദരി ശ്രീ ലാഹരി മഹാശയന്റെ അനുഗ്രഹം തേടി. ശ്രീ സന്യാൽ മഹാശയൻ ദീർഘകാലം ജീവിക്കുമെന്നും എന്നാൽ വേഗത്തിൽ ചെയ്തു തീർക്കേണ്ട നിരവധി ജോലികൾ അദ്ദേഹത്തിനുണ്ടെന്നും ശ്രീ ലാഹിരി ബാബ അവരെ അറിയിച്ചു.
വെറും 16 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ശ്രീ സന്യാൽ മഹാശയന് ശ്രീ ലാഹരി ബാബ, ക്രിയായോഗ ദീക്ഷ നൽകി. ക്രിയായോഗ പരിശീലനത്തിൽ അതീവ ശ്രദ്ധയും, ആത്മാർത്ഥതയും, അർപ്പണവുമാണ് സന്യാൽ മഹാശയനുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ അതിവേഗം ഉയർന്ന ക്രിയകളും ആത്മീയ അനുഭവങ്ങളും അദ്ദേഹത്തെ തേടിയെത്തി. സന്യാൽ മഹാശയന്റെ ആത്മീയ പുരോഗതിയിൽ സന്തുഷ്ടനായ ശ്രീ ലാഹരി ബാബ, മറ്റുള്ളവർക്ക് ദീക്ഷ കൊടുക്കുവാനുള്ള അനുമതിയും അദ്ദേഹത്തിന് നൽകി.
തന്റെ ദേഹത്യാഗത്തിനുള്ള സമയം മുൻകൂട്ടി അറിഞ്ഞിരുന്ന ശ്രീ ലാഹരി ബാബ, ക്രിയായോഗത്തിലെ ഉയർന്ന ക്രിയകൾ ശ്രീ പഞ്ചാനൻ ഭട്ടാചാര്യയിൽ നിന്ന് നേടാൻ ശ്രീ സന്യാൽ മഹാശയനോട് നിർദ്ദേശിച്ചു. സന്യാസ ജീവിതം നയിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും ഗൃഹസ്ഥനായ ക്രിയായോഗിയുടെ ജീവിതം നയിക്കാനായിരുന്നു ശ്രീ സന്യാൽ മഹാശയന്റെ നിയോഗം. അങ്ങനെ 21-ാം വയസ്സിൽ അദ്ദേഹം കാളിദാസി ദേവിയെ വിവാഹം കഴിച്ച് ഗൃഹസ്ഥനായി. 1902-ൽ തന്റെ ഇരുപത്തിയഞ്ചാം വയസ്സിൽ അദ്ദേഹം നിർവികല്പ സമാധിയിൽ എത്തിച്ചേർന്നു. അതോടെ ബ്രഹ്മനിഷ്ഠനായ യോഗിയായി അദ്ദേഹം പരക്കെ അറിയപ്പെട്ടു.
അദ്ദേഹത്തിന്റെ അസാധാരണമായ കഴിവുകളും, കളങ്കമില്ലാത്ത സ്വഭാവവും, ഉയർന്ന ആത്മീയ അനുഭവങ്ങളും രബീന്ദ്രനാഥ് ടാഗോറുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുന്നതിന് കാരണമായി. ടാഗോറുമായി ചേർന്ന് ശാന്തിനികേതൻ സ്ഥാപിക്കുക മാത്രമല്ല, 1902 മുതൽ 1909 വരെ അദ്ദേഹം അവിടത്തെ അധ്യാപകനായി ജോലി ചെയ്യുകയും ചെയ്തു.
അനുഗൃഹീതനായ ഒരു എഴുത്തുകാരൻ കൂടിയായിരുന്നു സന്യാൽ മഹാശയൻ. ബംഗാളിയിലുള്ള അദ്ദേഹത്തിന്റെ ഗീതാഭാഷ്യവും മറ്റ് ആത്മീയ ഗ്രന്ഥങ്ങളും ക്രിയായോഗത്തെ ആഴത്തിൽ മനസ്സിലാക്കാൻ അവസരം നൽകുന്നു. 1962 ജനുവരി 18-ന് അദ്ദേഹം മഹാസമാധി പ്രാപിച്ചു.
