പരമഹംസ ഹരിഹരാനന്ദ ഗിരി
ബാബ എന്ന പേരിൽ ശിഷ്യന്മാർക്കിടയിൽ അറിയപ്പെട്ടിരുന്ന പരമഹംസ ഹരിഹരാനന്ദ, ബാബാജി, ശ്രീ ലാഹിരി മഹാശയൻ, ശ്രീ യുക്തേശ്വർ, പരമഹംസ യോഗാനന്ദ എന്നിവരുടെ പരമ്പരയിലെ മഹാനായ ഒരു ക്രിയായോഗ ഗുരുവായിരുന്നു. ആയിരം വർഷത്തിലൊരിക്കൽ മാത്രം ജനിക്കുന്ന ഒരു മഹാത്മാവ് എന്നാണ് ശ്രീ രാജർഷി രാഘബാനന്ദ ബാബ തന്റെ ഗുരുവായ പരമഹംസ ഹരിഹരാനന്ദ ബാബയെ വിശേഷിപ്പിച്ചിരുന്നത്.
രബീന്ദ്രനാഥ് ഭട്ടാചാര്യ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. ബംഗാളിലെ നാദിയ എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. 12-ാം വയസ്സിൽ രബി, ശ്രീ ത്രൈലംഗ സ്വാമികളുടെ ശിഷ്യനായിരുന്ന, ആത്മസാക്ഷാത്കാരം നേടിയ, ശ്രീ ബിജോയ് കൃഷ്ണ ചാറ്റർജിയിൽ നിന്ന് ജ്ഞാനയോഗ ദീക്ഷ നേടി.
1932- ലാണ് അദ്ദേഹം ശ്രീ യുക്തേശ്വറിനെ കാണുന്നതും ക്രിയായോഗ ദീക്ഷ സ്വകരിക്കുന്നതും. 1935-ൽ പരമഹംസ യോഗാനന്ദയിൽ നിന്നാണ് അദ്ദേഹത്തിന് രണ്ടാമത്തെ ക്രിയയുടെ ദീക്ഷ ലഭിക്കുന്നത്. 1938-മുതൽ അദ്ദേഹം കരാർ ആശ്രമത്തിൽ സ്ഥിര താമസമാക്കി. സ്വാമി ശ്രീ സത്യാനന്ദ ഗിരിയിൽ നിന്ന് 1942-ൽ മൂന്നാമത്തെ ക്രിയാദീക്ഷ നേടി. ശ്രീ ഭൂപേന്ദ്രനാഥ് സന്യാൽ ആണ് അദ്ദേഹത്തിന് ബാക്കിയുള്ള മൂന്ന് ഉയർന്ന ക്രിയകൾ നൽകിയത്.
കരാർ ആശ്രമത്തിൽ താമസിക്കുമ്പോൾ അനവധി മഹത്തുക്കളെ കാണാൻ അദ്ദേഹത്തിന് ഭാഗ്യമുണ്ടായി. ശ്രീ ആനന്ദമയി മാ, ശ്രീ തോതാപുരി തുടങ്ങിയവർ അവരിൽ ചിലരാണ്. ഈ സമയത്താണ് ഒരു ചെറുപ്പക്കാരനായ യോഗി അദ്ദേഹത്തെ സന്ദർശിക്കുന്നതും നിർവികൽപ സമാധിയുമായി ബന്ധപ്പെട്ട നിഗൂഢമായ ചില കാര്യങ്ങൾ അദ്ദേഹത്തെ പഠിപ്പിക്കുന്നതും. 1948- ലാണ് അദ്ദേഹത്തിന് നിർവികല്പസമാധി കൈവന്നത്.
1949- ൽ അദ്ദേഹത്തിന് വീണ്ടും ബാബാജിയുടെ ദർശനമുണ്ടായി. ലോകത്തിൽ ക്രിയായോഗ പ്രചരിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്കുവഹിക്കണമെന്ന് ബാബാജി അദ്ദേഹത്തോട് ആവശ്യപ്പെട്ടു. 1959-ൽ പുരി ശങ്കരാചാര്യ ഭാരതീകൃഷ്ണയിൽ നിന്ന് സന്യാസം സ്വീകരിച്ച് അദ്ദേഹം സ്വാമി ഹരിഹരാനന്ദഗിരി എന്ന പേര് സ്വീകരിച്ചു.
പിന്നീട് 1974 മുതൽ തുടർച്ചയായുള്ള യാത്രകളായിരുന്നു. അമേരിക്ക, യൂറോപ്പ്, ലാറ്റിനമേരിക്കൻ രാജ്യങ്ങൾ, കാനഡ തുടങ്ങിയ സ്ഥലങ്ങളിൽ അദ്ദേഹം ആശ്രമങ്ങൾ സ്ഥാപിച്ചു. 1990 മുതൽ അദ്ദേഹം പൂർണ്ണമായും പാശ്ചാത്യരാജ്യങ്ങളിലാണ് ചിലവഴിച്ചത്. ബാബ അനേകം പുസ്തകങ്ങളുടെ രചന നിർവ്വഹിച്ചിട്ടുണ്ട്. അവയോരോന്നും ഒരു ഗുരുവുമായിട്ടുള്ള സംവാദമായേ നമുക്ക് തോന്നൂ. 2002, ഡിസംബർ 3-ന് ആ മഹാഗുരു മഹാസമാധി പ്രാപിച്ചു.
