ഗുരുദേവ് രാജർഷി രാഘബാനന്ദ

ചെറിയ ലാഹിരി മഹാശയൻ എന്നറിയപ്പെടുന്ന രാജർഷി രാഘബാനന്ദ 1938 ആഗസ്റ്റ് 28-ൽ ഒഡീഷയിലെ ഭദ്രക് ജില്ലയിൽ ഫത്തേപൂർ എന്ന സ്ഥലത്ത് ജനിച്ചു. വിശ്വഭാരതി സർവ്വകലാശാലയിൽ നിന്നാണ് അദ്ദേഹം തന്റെ ബിരുദാനന്തര ബിരുദം നേടിയത്. തുടർന്ന് ഉത്കൽ സർവ്വകലാശാലയിൽ നിന്ന് ഡി.ലിറ്റ് നേടി. 20-ൽ പരം വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ കീഴിൽ പ്രവർത്തിച്ച് പി.എച്ച്.ഡി. നേടിയിട്ടുണ്ട്. ആദ്യം വിശ്വഭാരതി സർവ്വകലാശാലയിലും പിന്നീട് ഒഡീഷയിലെ സംബൽപൂരിൽ ഗംഗാധർ മെഹർ കോളേജിലും സേവനമനുഷ്ഠിച്ചു. 1996-ൽ അദ്ദേഹം ജോലിയിൽ നിന്ന് വിരമിച്ചു.
1964-ൽ ആണ് ശ്രീ രാജർഷി രാഘബാനന്ദ, ക്രിയായോഗ ഗുരു പരമഹംസ ഹരിഹരാനന്ദയെ കാണുന്നത്. 1965-ൽ അദ്ദേഹത്തിന് ക്രിയായോഗദീക്ഷ ലഭിച്ചു. ആദ്ധ്യാത്മിക ചരിത്രത്തിലെ ഒരു അപൂർവ്വ ദിനമായിരുന്നു അത്. ദീക്ഷ ലഭിച്ച അന്നുതന്നെ അദ്ദേഹം വിവിധ തരത്തിലുള്ള സമാധിയുടെ പടവുകൾ താണ്ടി നിർവികൽപ സമാധിയിൽ ലയിച്ചു. മഹാവതാർ ബാബാജി ശ്രീ ലാഹിരി മഹാശയന് ദീക്ഷ നൽകിയപ്പോൾ മാത്രമാണ് ഇത്തരം ഒരനുഭവത്തിന് മുമ്പ് ലോകം സാക്ഷ്യം വഹിച്ചിട്ടുള്ളത്.
ഈ ലോകത്ത് ക്രിയായോഗം പ്രചരിപ്പിക്കുന്നതിൽ തന്റെ പങ്ക് എന്താണെന്ന് അദ്ദേഹത്തിന് അതോടെ ബോധ്യമായി. തുടർന്ന് ശ്രീ ഹരിഹരാനന്ദ ബാബയുടെ പ്രഥമ സന്യാസി ശിഷ്യനായ ശ്രീ പ്രേമാനന്ദഗിരിയുമൊത്ത് ക്രിയായോഗം പ്രചരിപ്പിക്കുന്ന പദ്ധതി തയ്യാറാക്കി. പരമ്പരാഗതമായി തുടർന്നു വന്ന ക്രിയായോഗത്തിന്റെ പരിശീലന രീതി കുറെക്കൂടി ലളിതമാക്കാനായിരുന്നു ഇവരുടെ ശ്രമം. പരമഹംസ ഹരിഹരാനന്ദയെ ലോകം അറിയാൻ തുടങ്ങിയത് ഇവരുടെ പ്രവർത്തനങ്ങളിലൂടെയാണ്.
അമേരിക്കയിലെ മെനിഞ്ചർ ഫൗണ്ടേഷൻ ആൽഫാ തരംഗങ്ങളുടെ പഠനത്തിനായി അദ്ദേഹത്തിന്റെ ധ്യാനാവസ്ഥയെ പരീക്ഷണത്തിന് വിധേയമാക്കുകയുണ്ടായി. ‘പ്രിൻസ് ഓഫ് പീസ്’ എന്നും ഭൂമിയിലെ ഏറ്റവും ശാന്തി അനുഭവിക്കുന്ന മനുഷ്യൻ എന്നുമാണ് അവർ അവരുടെ പ്രശസ്തമായ ‘Biofeedback – Yoga for the West’ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയത്.
ആവശ്യമില്ലാതിരുന്നിട്ടുകൂടി എല്ലാ ഉയർന്ന ക്രിയാസങ്കേതങ്ങളും അദ്ദേഹം ശ്രീ ഹരിഹരാനന്ദ ബാബയിൽ നിന്ന് അഭ്യസിച്ചു. നൂറുകണക്കിന് ആളുകൾക്ക് അദ്ദേഹം ക്രിയായോഗദീക്ഷയും, അപൂർവ്വം ചിലർക്ക് മാത്രം ‘യോഗാചാര്യ’പരിശീലനവും നൽകി.
ഇംഗ്ലീഷിലും ഒറിയയിലുമായി അനവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 1992-ൽ ശ്രീ ഹരിഹരാനന്ദ ബാബ അദ്ദേഹത്തിന് രാജർഷി എന്ന സ്ഥാനം സമ്മാനിച്ചു. മുൻകൂട്ടി സൂചിപ്പിച്ചിരുന്ന പ്രകാരം 2016 നവംബർ ഒന്നാം തിയ്യതി രാജർഷി രാഘബാനന്ദ ബാബ മഹാസമാധി പ്രാപിച്ചു.
Scroll to Top