മഹാവതാർ ബാബാജി
1946-ൽ പ്രസിദ്ധീകൃതമായ ഒരു യോഗിയുടെ ആത്മകഥ (Autobiography of a Yogi) എന്ന പുസ്തകത്തിലൂടെയാണ് ലോകം ആദ്യമായി ബാബാജിയെക്കുറിച്ചറിയുന്നത്. പരമഹംസ യോഗാനന്ദയെന്ന മഹാനായ ഒരു ക്രിയായോഗിയാണ് ആ ഗ്രന്ഥത്തിന്റെ രചന നിർവ്വഹിച്ചിട്ടുള്ളത്.
നൂറുകണക്കിന് വർഷങ്ങളായി ഹിമാലയ സാനുക്കളിൽ ജീവിച്ചുവരുന്ന ഒരു മഹാഗുരുവാണ് അഥവാ ഈശ്വരന്റെ മനുഷ്യരൂപമാണ് മഹാവതാർ ബാബാജി. ബാബാജി എന്നാൽ ആദരണീയനായ പിതാവ് എന്നാണർത്ഥം. 1861-ൽ റാണീഖേത് എന്ന സ്ഥലത്തുവെച്ചാണ് ശ്രീ ലാഹിരി മഹാശയൻ ബാബാജിയെ ആദ്യമായി കാണുന്നത്. പൂർവ്വജന്മത്തിലും താൻ തന്നെയായിരുന്നു ശ്രീ ലാഹിരി മഹാശയന്റെ ഗുരു എന്ന് ബാബാജി അദ്ദേഹത്തോട് പറഞ്ഞു.
അനന്തരം ബാബാജി അദ്ദേഹത്തിന് ക്രിയായോഗ ദീക്ഷ നൽകി. ബാബാജിയെ വിട്ടുപോരാൻ താൽപര്യമില്ലാതിരുന്ന ശ്രീ ലാഹിരി മഹാശയനോട് തിരികെ പോകാനും അർഹിക്കുന്നവർക്ക് ക്രിയായോഗ ദീക്ഷ നൽകുവാനും ബാബാജി ആവശ്യപ്പെട്ടു. അങ്ങനെ ക്രിയായോഗമെന്ന സാധനാ സമ്പ്രദായം ലോകം മുഴുവൻ പ്രചരിക്കാൻ ശ്രീ ലാഹിരി മഹാശയൻ കാരണമായി.
ശ്രീ ലാഹിരി മഹാശയൻ മാത്രമല്ല അദ്ദേഹത്തിന്റെ മറ്റു പല ശിഷ്യരും 1861-1935 കാലയളവിൽ ബാബാജിയെ കണ്ടിട്ടുണ്ട്. ശ്രീ യുക്തേശ്വർ, പരമഹംസ യോഗാനന്ദ, ശ്രീ കേബലാനന്ദ, ശ്രീ കേശബാനന്ദ, ശ്രീ പ്രണവാനന്ദ തുടങ്ങിയവർ അവരിൽ പ്രമുഖരാണ്.
ഒരു യോഗിയുടെ ആത്മകഥയിൽ പരമഹംസ യോഗാനന്ദ ഇങ്ങനെ പറയുന്നു: “ഭൂമിയുടെ ആയുഷ്ക്കാലം വരെ ബാബാജി തന്റെ ശരീരം നിലനിർത്തും. കാലങ്ങൾ വരികയും പോകുകയും ചെയ്യും. എന്നാൽ മരണമില്ലാത്ത ഈ ഗുരു നൂറ്റാണ്ടുകളുടെ നാടകങ്ങൾക്ക് സാക്ഷിയായി ഈ ഭൂമുഖത്തു തന്നെയുണ്ടാകും.”
