സ്വാമി ശ്രീ സത്യാനന്ദഗിരി

സ്വാമി ശ്രീ സത്യാനന്ദഗിരി 1896 നവംബർ 17-ന് ഇന്നത്തെ ബംഗ്ലാദേശിലെ ബിക്രംപൂർ എന്ന സ്ഥലത്ത് ജനിച്ചു. ശ്രീ സത്യാനന്ദ ഗിരിയുടെ പിതാവ് കൽക്കത്ത ‘ബധിര-മൂക’ വിദ്യാലയത്തിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു. അതിന്റെ കവാടത്തിൽ വെച്ചാണ് ശ്രീ സത്യാനന്ദഗിരി തന്റെ പ്രധാന സുഹൃത്തും മാർഗ്ഗദർശിയുമായ മുകുന്ദനെ, പരമഹംസ യോഗാനന്ദയെ ആദ്യമായി കണ്ടുമുട്ടുന്നത്.
ശ്രീ യോഗാനന്ദയുടെ സംസ്കൃത അധ്യാപകനായിരുന്ന, ഹംസ സ്വാമി എന്നറിയപ്പെട്ടിരുന്ന, ശ്രീ കേബലാനന്ദയാണ് സത്യാനന്ദഗിരിക്ക് ക്രിയായോഗത്തിലെ ആദ്യപാഠങ്ങൾ നൽകി അദ്ദേഹത്തിന്റെ ആത്മീയ ജീവിതത്തിന് അടിത്തറയിട്ടത്. കോളജിൽ പഠിക്കുന്ന സമയത്താണ് ശ്രീ സത്യാനന്ദ, സ്വാമി ശ്രീ യുക്തേശ്വർ ഗിരിയെ ഗുരുവായി സ്വീകരിക്കുന്നതും അദ്ദേഹത്തിൽ നിന്ന് ക്രിയായോഗ ദീക്ഷ സ്വീകരിക്കുന്നതും. 1919 മുതൽ 1921 വരെ അദ്ദേഹം സ്വാമി ശ്രീ യുക്തേശ്വർ ഗിരിയുടെ കരാർ ആശ്രമത്തിലെ അന്തേവാസിയായിരുന്നു.
ശ്രീ യുക്തേശ്വറിന്റെ ശിക്ഷണത്തിൽ ബ്രഹ്മനിഷ്ഠനായി തീർന്ന സത്യാനന്ദയ്ക്ക് ‘കിഴക്കിന്റെ നേതാവ് ‘ എന്ന സ്ഥാനപ്പേര് ഗുരു നൽകി. കൂടാതെ പുരിയിലെ കരാർ ആശ്രമത്തിന്റെ ‘ആശ്രമം സ്വാമി’യായി അവരോധിച്ച് അദ്ദേഹത്തിന് ആശ്രമം നടത്താനുള്ള ചുമതലയും നൽകി. 1922 മുതൽ 1942 വരെയുള്ള കാലഘട്ടത്തിൽ യോഗാനന്ദ സ്ഥാപിച്ച റാഞ്ചി ബ്രഹ്മവിദ്യാലയത്തിന്റെ സെക്രട്ടറിയും പ്രധാന അധ്യാപകനും സത്യാനന്ദഗിരിയായിരുന്നു.പരമഹംസ ഹരിഹരാനന്ദയ്ക്ക് മൂന്നാമത്തെ ക്രിയയിൽ ദീക്ഷ നൽകിയത് സ്വാമി സത്യാനന്ദഗിരിയായിരുന്നു.
പിന്നീട് കരാർ ആശ്രമത്തിന്റെ നിർവഹണ ചുമതല ശ്രീ ഹരിഹരാനന്ദയെ ഏൽപ്പിച്ച അദ്ദേഹം ഇന്ത്യയാകെ ചുറ്റി സഞ്ചരിച്ചു. ശ്രീ രമണ മഹർഷിയുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ച അപൂർവ്വവും തീവ്രവുമായ ഒരു സ്നേഹബന്ധത്തിലേക്ക് നയിച്ചു. ഏതൊരു മനസ്സിനേയും കീഴടക്കുന്ന അദ്ദേഹത്തിന്റെ സൗമ്യ പ്രകൃതിയിൽ അങ്ങേയറ്റം ആകൃഷ്ടനായ മഹർഷി രമണാശ്രമത്തിൽ സ്ഥിരതാമസമാക്കാൻ അദ്ദേഹത്തെ നിർബന്ധിച്ചു.
1952-ൽ പരമഹംസ യോഗാനന്ദ മഹാസമാധി പ്രാപിച്ചപ്പോൾ തുടർന്ന് കരാർ ആശ്രമത്തിന്റെ പ്രസിഡന്റ് ആയത് സ്വാമി ശ്രീ സത്യാനന്ദഗിരിയാണ്. ഭാരതത്തിലും വിദേശത്തുമായി മൂവായിരത്തിൽപരം ശിഷ്യമാർ അദ്ദേഹത്തിനുണ്ടായിരുന്നു. 1971 ആഗസ്റ്റ് 2-ാം തിയ്യതി അദ്ദേഹം മഹാസമാധി പ്രാപിച്ചു.
Scroll to Top