സ്വാമി ശ്രീ യുക്തേശ്വർ ഗിരി

1855 മെയ് 10-ാം തിയ്യതി ബംഗാളിലെ സേരാംപൂരിൽ സമ്പന്നനായ ഒരു വ്യാപാരി ക്ഷേത്രനാഥ് കരാറിന്റേയും പത്നി കാദംബിനിയുടേയും മകനായി പ്രിയനാഥ് കരാർ എന്ന സ്വാമി ശ്രീയുക്തേശ്വർ ഗിരി ജനിച്ചു. ചെറുപ്പത്തിൽത്തന്നെ അച്ഛനെ നഷ്ടപ്പെട്ടതോടെ കുടുംബഭാരം മുഴുവൻ പ്രിയനാഥിന്റെ തോളിലായി. ശ്രീറാം ക്രിസ്ത്യൻ മിഷനറി കോളേജിലും കൽക്കട്ട മെഡിക്കൽ കോളേജിലുമായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം.
വിദ്യാഭ്യാസത്തിനു ശേഷം വിവാഹിതനാവുകയും അദ്ദേഹത്തിന് ഒരു പെൺകുഞ്ഞ് ജനിക്കുകയും ചെയ്തു. അധികം വൈകാതെ അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു. അതിനുശേഷം അദ്ദേഹം സന്യാസം സ്വീകരിക്കുകയും ഗിരി വിഭാഗത്തിലെ സ്വാമി ശ്രീ യുക്തേശ്വർ ഗിരിയായി മാറുകയും ചെയ്തു. 1884-ൽ ആണ് ശ്രീയുക്തേശ്വർ, ശ്രീ ലാഹിരി മഹാശയനെ കാണുന്നത്. തുടർന്ന് ശ്രീ ലാഹിരി മഹാശയന്റെ ശിഷ്യനാവുകയും ക്രിയായോഗ ദീക്ഷ സ്വീകരിക്കുകയും ചെയ്തു. പിന്നീട് കുറേ കാലം ഗുരുവുമായി നിരന്തരം സമ്പർക്കം പുലർത്തി.
1894-ൽ കുംഭമേളയിൽ പങ്കെടുക്കുന്ന സമയത്ത് ശ്രീയുക്തേശ്വറിന് മഹാവതാർ ബാബാജിയുടെ ദർശനം ലഭിച്ചു. ശ്രീ യുക്തേശ്വർ തന്റെ വലിയ രണ്ടുനില കെട്ടിടം ആശ്രമമാക്കി മാറ്റിയെടുത്തു. അവിടെയാണ് അദ്ദേഹം തന്റെ ശിഷ്യരുമായി ഗുരുകുല സമ്പ്രദായപ്രകാരം ജീവിച്ചത്. 1903-ൽ പുരിയിൽ കടലിനടുത്തായി അദ്ദേഹം മറ്റൊരു ആശ്രമം കൂടെ സ്ഥാപിച്ചു അതാണ് കരാർ ആശ്രമം. ശിഷ്യന്മാർക്ക് ഈ രണ്ട് ആശ്രമങ്ങളിലുമായാണ് ശ്രീ യുക്തേശ്വർ പരിശീലനം നൽകിയത്. ഒപ്പം ‘സാധുസഭ’ എന്ന സംഘടനയും ആരംഭിച്ചു.
ശ്രീ യുക്തേശ്വറിന് വളരെ കുറച്ച് ശിഷ്യന്മാർ മാത്രമാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ പരിശീലനത്തിന്റെ കാഠിന്യം മൂലമാണത് എന്നാണ് യോഗാനന്ദ പറഞ്ഞിട്ടുള്ളത്. ലോകം മുഴുവൻ ക്രിയായോഗം പ്രചരിപ്പിക്കുന്നതിൽ പ്രധാനപങ്കു വഹിച്ച പരമഹംസ യോഗാനന്ദ അദ്ദേഹത്തിന്റെ അരുമശിഷ്യനായിരുന്നു. ശ്രീയുക്തേശ്വർ 1936 മാർച്ച് 9-ാം തിയ്യതി മഹാസമാധി പ്രാപിച്ചു.
Scroll to Top