ക്രിയാ യോഗയുടെ സാരാംശം

ക്രിയായോഗം- ഏകാഗ്രതയിലേക്കുള്ള സ്വാഭാവിക മാർഗ്ഗം

അതീവസൂക്ഷ്മവും മഹത്തരവുമായ ബോധതലങ്ങൾ, അനുഭവമണ്ഡലങ്ങൾ അനുഭവിക്കാനുള്ള കഴിവുകൾ ഓരോ മനുഷ്യനിലും ഒളിഞ്ഞു കിടപ്പുണ്ട്. എന്നാൽ മനുഷ്യരാശിയുടെ നല്ലൊരു ശതമാനത്തിനും അങ്ങനെയൊരു സാധ്യതയെക്കുറിച്ചുള്ള അറിവുതന്നെയില്ല. ബുദ്ധിപരമായെങ്കിലും അതേക്കുറിച്ച് മനസ്സിലാക്കിയിട്ടുള്ള ആളുകളോ അവരൊന്നും തന്നെ അത്തരം അനുഭവങ്ങൾ നേടാനായി ഒന്ന് ശ്രമിക്കുക പോലും ചെയ്യുന്നുമില്ല. എന്താണതിന് കാരണം? ബാഹ്യലോകത്തോടുള്ള മനുഷ്യന്റെ അടങ്ങാത്ത ആസക്തിയാണ് (Attachment) ഇതിനുള്ള പ്രധാന കാരണം. ഈ ആസക്തി തികഞ്ഞ അസംതൃപ്തിയും, നിരാശയും മാത്രമേ മനുഷ്യന് സമ്മാനിക്കൂ.
ഈ ലോകത്തിൽ ജീവിച്ചുകൊണ്ടുതന്നെ, ഇപ്പോൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും ചെയ്തുകൊണ്ടുതന്നെ, അങ്ങേയറ്റം സംതൃപ്തിയോടും ശാന്തിയോടും സമചിത്തതയോടും കൂടി ജീവിക്കാൻ മനുഷ്യനു കഴിയും. അതിനു വേണ്ടി ഒരാളെ പ്രാപ്തനാക്കുന്ന മാർഗമാണ് ക്രിയായോഗം.
ഉയർന്ന ബോധതലങ്ങളിലേക്ക്, അനുഭവ മണ്ഡലങ്ങളിലേക്ക് പ്രവേശിക്കാൻ ഏറ്റവും പ്രധാനമായി വേണ്ട യോഗ്യതയാണ് ഏകാഗ്രതയുള്ള മനസ്സ്. ഇക്കാരണത്താൽ എല്ലാ ആത്മീയ മാർഗ്ഗങ്ങളിലും ഏകാഗ്രത കൈവരിക്കാനുള്ള ബോധപൂർവ്വമായ ശ്രമം നമുക്ക് കാണാൻ കഴിയും. എന്നാൽ ഏകാഗ്രത അങ്ങനെ എളുപ്പത്തിൽ പ്രാപ്തമാക്കാൻ കഴിയുന്ന ഒന്നല്ല. കാരണം എപ്പോഴും ചലിച്ചു കൊണ്ടിരിക്കുന്ന പ്രതിഭാസമാണ് മനസ്സിന്നോട് ചേർന്നു നിൽക്കുന്ന ബോധം. ബലമായി അതിനെ നിയന്ത്രിക്കാൻ ശ്രമിച്ചാൽ വിപരീത ഫലമായിരിക്കും അനുഭവിക്കേണ്ടിവരിക. തീവ്രമായ ശ്രമങ്ങൾക്കുശേഷവും ഏകാഗ്രത സംഭവിക്കാതിരുന്നാൽ അത് ഒരാളെ സമ്മർദ്ദത്തിലാഴ്ത്തുകയും ക്രമേണ അയാൾ മോഹഭംഗത്തിന് ഇരയാവു കയും ചെയ്യും.
അൽപനേരം മനസ്സിനെ ശ്രദ്ധിക്കൂ…. അപ്പോൾ അതിൽ നിന്ന് നിരന്തരമായി ചിന്തകൾ പ്രവഹിക്കുന്നത് കാണാൻ കഴിയും. ആ ചിന്തകളിൽ ചിലത് പരസ്പരബന്ധമുള്ളവയും, മറ്റു ചിലത് പരസ്പരബന്ധമില്ലാത്തവയും ആയിരിക്കും. പരസ്പര ബന്ധമില്ലാത്ത ഇത്തരം ചിന്തകളെ വിക്ഷേപങ്ങൾ അഥവാ അസ്വസ്ഥമായ ചിന്തകൾ എന്നാണ് വിളിക്കുക. ശരീരത്തിനും മനസ്സിനും ശരിയായ രീതിയിൽ വിശ്രമിക്കാൻ കഴിയാത്തതു കൊണ്ടാണ് ഒരാളുടെ ഉപബോധമനസ്സ്, ബോധമനസ്സിലേക്ക് നിരന്തരം ചിന്തകളെ അയച്ചുകൊണ്ടിരിക്കുന്നത്. ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏകാഗ്രത കിട്ടാക്കനിയായിത്തീരുന്നതും അതുകൊണ്ടാണ്.
മറ്റൊരുതരത്തിൽ പറഞ്ഞാൽ ഒരാൾക്ക് ശരിയായ രീതിയിൽ വിശ്രമിക്കാൻ കഴിഞ്ഞാൽ അഥവാ അയാളുടെ ഉപബോധമനസ്സിന്റെ ആഴങ്ങളിലേക്ക് വിശ്രമത്തിന് കടന്നു ചെല്ലാനായാൽ, ഏകാഗ്രത എന്ന പ്രതിഭാസം സ്വയമേവ സംഭവിക്കുന്നു, എന്നർത്ഥം. അതുകൊണ്ട് ഒരു വ്യക്തിയെ വിശ്രമത്തിന്റെ കയങ്ങളിലേക്ക്, ആഴങ്ങളിലേക്ക് നയിക്കാൻ കഴിയുന്ന ഒരു സങ്കേതം അഥവാ Technique നമുക്കാവശ്യമാണ്. അത്തരത്തിലുള്ള മഹത്തരമായ ഒരു സങ്കേതവും സാധനാ സമ്പ്രദായവുമാണ് ക്രിയായോഗം. ക്രിയായോഗത്തിൽ ഏകാഗ്രത കൈവരിക്കാനായി നേരിട്ടുള്ള ഒരു ശ്രമവും നടത്തുന്നില്ല. മറിച്ച് അതിലെ കായികവും മാനസികവുമായ സങ്കേതങ്ങളുടെ പരിശീലനത്തിലൂടെ ഏകാഗ്രത സ്വയമേവ സംഭവിക്കുകയാണ് ചെയ്യുന്നത്.

ക്രിയായോഗം- ഒരു സമ്പൂർണ്ണ ആത്മീയ സാധനാശാസ്ത്രം

ഏറ്റവും പുരാതനമെന്ന് കരുതപ്പെടുന്ന ഒരു യോഗശാസ്ത്ര ശാഖയാണ് ക്രിയായോഗം. ആയിരക്കണക്കിന് വർഷങ്ങളായി അനേകായിരം സാധകർ പരിശീലിക്കുകയും ഫലപ്രാപ്തി കൈവരിക്കുകയും ചെയ്ത സാധനാശാസ്ത്രമാണത്. ഇക്കാലത്ത് പല യോഗകേന്ദ്രങ്ങളും തങ്ങളുടെ പരിശീലനസമ്പ്രദായത്തെ ക്രിയായോഗമെന്ന് വിളിക്കുന്നുണ്ട്.
എന്നാൽ 1861-ൽ മഹാവതാർ ബാബാജി എന്ന മരണമില്ലാത്ത ഗുരു, ലാഹിരി മഹാശയന് പകർന്നു നൽകിയ സാധനാസമ്പ്രദായത്തെയാണ് സാധാരണയായി ലോകം ക്രിയായോഗമെന്ന പേരിൽ വിളിച്ചു പോരുന്നത്.
സൃഷ്ടിയോടപ്പം തന്നെ ഭ്രമാത്മകമായ ഈ പ്രപഞ്ച ബോധത്തിൽ നിന്ന്, മായയിൽ നിന്ന് മുക്തനായി ഈശ്വരീയ ബോധത്തിൽ അഥവാ സമഷ്ടിബോധത്തിൽ എത്തി ചേരാൻവേണ്ടി ഈശ്വരൻ തന്നെ മനുഷ്യന് നൽകിയ അതീവ ശ്രേഷ്ഠമായ ആത്മവിദ്യയാണ് ക്രിയായോഗം. ഇതാണ് ക്രിയായോഗികളുടെ വിശ്വാസം.
സംസ്കൃതത്തിൽ ‘ക്രി’ എന്ന ധാതുവിന് പ്രവർത്തിക്കുക അല്ലെങ്കിൽ പ്രതിപ്രവർത്തനം നടത്തുക എന്നാണ് അർത്ഥം. അതുകൊണ്ട് ക്രിയായോഗമെന്നാൽ ഏതെങ്കിലുമൊരു പ്രത്യേക പ്രവർത്തനത്തിലൂടെ പരമാത്മാവിലുള്ള ജീവാത്മാവിലുള്ള ലയനം അഥവാ യോഗം എന്നാണ് അർഥം വരുന്നത്. ആത്മസാക്ഷാത്കാരത്തിനാവിശ്യമായ സങ്കേതങ്ങളുടെ (Techniques) പരിശീലനം എന്ന മറ്റൊരുർത്ഥവും അതിനുണ്ട്.
ക്രിയായോഗ പരിശീലനത്തിലൂടെ നേടുന്ന അമിതമായിട്ടുള്ള ഓക്സിജൻ മനുഷ്യരക്തത്തിലെ കാർബൺഡയോക്സൈഡിനെ ഇല്ലാതാക്കുന്നതിനു പുറമെ നട്ടെല്ലിലെയും മസ്തിഷ്കത്തിലേയും ഊർജ്ജകേന്ദ്രങ്ങളെ ഊർജ്ജസമ്പുഷ്ടമാക്കുവാനും ഉപയോഗിക്കപ്പെടുന്നു. ഇങ്ങനെയാണ് മനുഷ്യരക്തം ക്രിയായോഗ സാധനയിലൂടെ അങ്ങേയറ്റം നിർമലമായിത്തീരുന്നത്. ശ്വസനത്തിലൂടെ ശരീരത്തിലേക്ക് പ്രവേശിക്കുന്ന ഓക്സിജൻ ക്രിയായോഗ പരിശീലനത്തിന്റെ ഫലമായി ആണവ ഊർജ്ജത്തിന്റെ അടിസ്ഥാനഘടകങ്ങളായി മാറുന്നു. പിന്നീടത് അതീവസൂക്ഷ്മതരമായ പ്രാണനായി പരിവർത്തനം ചെയ്യപ്പെടുന്നു.
ചിട്ടയായി ദീർഘകാലം ക്രിയായോഗം പരിശീലിക്കുമ്പോൾ, ശരീരകോശങ്ങൾ കാർബൺഡയോക്സൈഡിനെ പുറംതള്ളുന്ന പ്രക്രിയ, പാടെ നിലച്ചുപോകുന്നു. ഈ നില കൈവരിക്കാനായാൽ ശരീരത്തിലൂടെ ഇരുണ്ട, അശുദ്ധമായ, ദ്രോഹകരമായ രക്തം പിന്നീട് പ്രവഹിക്കുന്നില്ല. അതു കൊണ്ടുതന്നെ രക്തത്തത്തിന്റെ ശുദ്ധീകരണത്തിനായി അതിനെ ഹൃദയത്തിലേക്ക് പമ്പ് ചെയ്യേണ്ട ആവശ്യവും ശരീരത്തിന് വരുന്നില്ല.
യൗഗികമായി പറഞ്ഞാൽ ഈ അവസ്ഥയുടെ പരിണിതഫലം നാഭീചക്രമായ മണിപുര ചക്രത്തിൽ നിന്ന് മുകളിലേക്ക് പ്രവഹിക്കുന്ന പ്രാണന്റെയും, മണിപുര ചക്രത്തിൽ നിന്ന് താഴോട്ട് പ്രവഹിക്കുന്ന അപാനന്റെയും പ്രവർത്തനങ്ങൾ പൂർണ്ണമായും നിലയ്ക്കുക എന്നതാണ്. അതോടെ ശരീരത്തിന് ശ്വസനത്തിന്റെ ആവശ്യകത തന്നെ ഇല്ലാതായിത്തീരുന്നു.
സാധാരണ നിലയിൽ ശ്വാസത്തിന്റെ സഹായത്തോടെയാണ് പ്രാണൻ അതിന്റെ പ്രവർത്തന ങ്ങൾ ശരീരത്തിൽ നടത്തുന്നത്. ശ്വസനം ഇല്ലാതാകുന്നതോടെ ശ്വാസത്തിന്റെ അടിമത്തത്തിൽ നിന്ന് മുക്തമാകുന്ന പ്രാണൻ ആത്മാവിന്റെ ദിശയിലേക്ക് തിരിയുന്നു. ഇങ്ങനെയാണ് ഒരു സാധകൻ ശരീരബോധത്തിൽ നിന്ന് ആത്മബോധത്തിലേക്ക് ഉണരുന്നത്.
Scroll to Top