യോഗീരാജ് ശ്രീ ശ്യാമചരൺ ലാഹിരി മഹാശയൻ
ശ്രീ ലാഹിരി മഹാശയൻ എന്ന പേരിൽ പ്രസിദ്ധനായ ശ്രീ ശ്യാമചരൺ ലാഹിരി, മഹാവതാർ ബാബാജിയുടെ ശിഷ്യനായിരുന്നു. യോഗീരാജ്, കാശീബാബ എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. മഹാവതാർ ബാബാജിയിൽ നിന്നും ക്രിയായോഗ ദീക്ഷ ലഭിച്ചതിനു ശേഷം അതിന്റെ പുനരുദ്ധാരണത്തിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണദ്ദേഹം.
ബ്രിട്ടീഷ് സൈന്യത്തിനു കീഴിലുള്ള എഞ്ചിനീയറിംഗ് വകുപ്പിൽ ഗുമസ്തനായിരുന്നു അദ്ദേഹം. ആത്മസാക്ഷാത്കാരം സിദ്ധിച്ച യോഗിയായിരുന്നിട്ടും തന്റെ കുടുംബത്തോടൊപ്പം ഒരു ഗൃഹസ്ഥനായാണ് അദ്ദേഹം വാരാണാസിയിൽ ജീവിച്ചത്. 1846-ൽ ശ്രീമതി കാശീമണിയെ അദ്ദേഹം വിവാഹം കഴിച്ചു. അവർക്ക് രണ്ട് പുത്രന്മാരും മൂന്ന് പുത്രികളും ജനിച്ചു. ലോകത്തിന് ക്രിയായോഗമെന്ന സാധനാസമ്പ്രദായം നൽകുന്നതിനായി ബാബാജി തെരഞ്ഞെടുത്ത ആളായിരുന്നു അദ്ദേഹം.
1861-ൽ ശ്രീ ലാഹിരി മഹാശയന് ഹിമാലയ താഴ്വാരത്തുള്ള റാണിഖേത് എന്ന സ്ഥലത്തേക്ക് സ്ഥലംമാറ്റം കിട്ടി. അവിടെ വെച്ചാണ് അദ്ദേഹം ബാബാജിയെ കണ്ടുമുട്ടുന്നത്. ബാബാജിയുടെ സ്പർശനമാത്രയിൽ തന്നെ ശ്രീ ലാഹരി മഹാശയൻ നിർവ്വികല്പ സമാധിയെന്ന ഏറ്റവും ഉയർന്ന യോഗാവസ്ഥ കൈവരിച്ചു. അതിനുശേഷം ബാബാജി ശ്രീ ലാഹിരി മഹാശയന് ക്രിയാദീക്ഷ നൽകുകയും പിന്നീടുള്ള തന്റെ ജീവിതം പ്രധാനമായും ക്രിയായോഗത്തിന്റെ പ്രചാരണത്തിനായി നീക്കിവെക്കാൻ ബാബാജി അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു.
ശ്രീ ലാഹിരി മഹാശയൻ അതിനുശേഷം വാരാണസിയിലേക്ക് മടങ്ങുകയും ജിജ്ഞാസുക്കളായ അന്വേഷികൾക്ക് ക്രിയ ഉപദേശിക്കാനും തുടങ്ങി. കാലം ചെല്ലുന്തോറും കൂടുതൽ കൂടുതൽ ആളുകൾ ശ്രീ ലാഹിരി മഹാശയനിൽ നിന്ന് ക്രിയ സ്വീകരിക്കാനായി എത്തിത്തുടങ്ങി. അതിൽ രാജാക്കന്മാർ, സന്യാസികൾ, ഗൃഹസ്ഥർ, തപാൽ ജീവനക്കാർ, തോട്ടിപ്പണിക്കാർ തുടങ്ങി എല്ലാതരത്തിലുമുള്ള ആളുകളുമുണ്ടായിരുന്നു. 1886-ൽ ജോലിയിൽ നിന്ന് വിരമിക്കുന്നതു വരെ ഒരു ഗുമസ്ഥന്റേയും കുടുംബനാഥന്റേയും യോഗഗുരുവിന്റേയും കർത്തവ്യങ്ങൾ ശ്രീ ലാഹിരി മഹാശയൻ നന്നായി നിറവേറ്റി.
ആത്മസാക്ഷാത്കാരം സിദ്ധിച്ച നിരവധി ശിഷ്യന്മാർ ശ്രീ ലാഹിരി മഹാശയനുണ്ടായിരുന്നു.
ശ്രീ പഞ്ചാനൻ ഭട്ടാചാര്യ, ശ്രീ യുക്തേശ്വർ ഗിരി, ശ്രീ കേശബാനന്ദ, ശ്രീ കേബലാനന്ദ, ശ്രീ രാംഗോപാൽ മജുംദാർ, ശ്രീ ഭൂപേന്ദ്രനാഥ് സന്യാൽ തുടങ്ങിയവർ അവരിൽ പ്രമുഖരായ ചിലരാണ്. 1895 സെപ്തംബർ 26-ന് അദ്ദേഹം മഹാസമാധിയിൽ ലയിച്ചു.
